തിരുവനന്തപുരം: അധ്യാപിക ഒന്നാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയുടെ കൈവിരല്‍ ചൂരലുകൊണ്ട് അടിച്ചൊടിച്ചതായി പരാതി. എഴുതാൻ കൂടുതല്‍ സമയമെടുത്തെന്ന കാരണത്താലാണ് അധ്യാപികയുടെ ഈ ക്രൂരത.
തിരുവനന്തപുരം ആറ്റിങ്ങല്‍ കവലിയൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക റിനിയ്ക്ക് എതിരെയാണ് പരാതി.
അധ്യാപികയുടെ ക്രൂരമായ മർദ്ദനത്തില്‍ കുട്ടിയുടെ ഒരു വിരലിന് പൊട്ടലും മറ്റൊരു വിരലിന് ഗുരുതരമായ ചതവുമുണ്ടെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പേടി കാരണം കുട്ടി ആദ്യദിവസം വീട്ടുകാരോട് വിവരം ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ പിറ്റേന്ന് വെള്ളിയാഴ്ച കുട്ടിയുടെ കയ്യില്‍ കടുത്ത നീരും വീക്കവും കണ്ടതോടെ മാതാപിതാക്കള്‍ കാര്യം തിരക്കി.
ഈ സമയത്താണ് ടീച്ചർ ചൂരലുകൊണ്ട് അടിച്ച കാര്യം കുട്ടി തുറന്നുപറയുന്നത്. തുടർന്ന് ശനിയാഴ്ച രാവിലെ തന്നെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധിച്ച ഡോക്ടർ കുട്ടിയോട് തനിച്ച് സംസാരിച്ചപ്പോഴും അധ്യാപിക ക്രൂരമായി മർദ്ദിച്ച വിവരം കുട്ടി ആവർത്തിച്ചു.
കയ്യില്‍ കടുത്ത വേദനയുള്ളതിനാല്‍ കുട്ടി ഇപ്പോഴും നിർത്താതെ കരയുകയാണെന്നും ഇനി സ്കൂളിലേക്ക് പോകാൻ പേടിയാണെന്ന് പറയുകയാണെന്നും മാതാപിതാക്കള്‍ സങ്കടത്തോടെ പങ്കുവെച്ചു. നിലവില്‍ കുട്ടിയുടെ കൈവിരലില്‍ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ വിരലിന് പൊട്ടലുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടർമാർ കുട്ടിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് (CWC) കുടുംബം നല്കിയ ഔദ്യോഗിക പരാതി കവലിയൂർ പൊലീസിന് കൈമാറിയിട്ടുണ്ട്. അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരതയ്ക്കെതിരെ മകള്‍ക്ക് നീതി ലഭിക്കുന്നതുവരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നാണ് മാതാപിതാക്കളുടെ നിലപാട്.






