ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ ജലവിതരണം മുടങ്ങി.
ഒന്നരലക്ഷം ഏക്കർ കൃഷി ഭൂമി തരിശായി. മറ്റ് ജോലികളിലേക്ക് തിരിയേണ്ട അവസ്ഥയിലാണ് കർഷകർ.
മുല്ലപ്പെരിയാർ അണക്കെട്ടാണ് തേനി ഉൾപ്പെടെ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കാർഷിക ജീവിതം താങ്ങി നിർത്തുന്നത്.
തേനിയിൽ 14,700 ഏക്കർ കൃഷിഭൂമിയിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിനെ ആശ്രയിച്ച് കൃഷിയിറക്കുന്നത്.
സാധാരണയായി ജൂൺ ഒന്നിന് കാർഷിക ആവശ്യങ്ങൾക്കായി അണക്കെട്ട് തുറക്കുമെങ്കിലും ഇത്തവണ വെള്ളമില്ലെന്ന കാരണത്താൽ ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ല.
ഇതുവരെ വയലൊരുക്കൽ ഉൾപ്പെടെ പ്രാരംഭ കാർഷിക പ്രവർത്തനങ്ങൾ പോലും നടത്താൻ കഴിയാതെ വന്നതോടെയാണ് ഭൂമി തരിശായത്.
മുൻപുണ്ടായിരുന്ന ജലശേഖരം ആസൂത്രണം ഇല്ലാതെ തുറന്ന് വിട്ടതും ഈ വർഷം മതിയായ മഴ ലഭിക്കാതിരുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകരുടെ ആരോപണം.
ജലക്ഷാമം കാരണം കൃഷി ഉപേക്ഷിച്ച പലരും കടുത്ത പ്രതിസന്ധിയിലാണ്.






