ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പില്‍ വനിതാ താരങ്ങള്‍ക്കിടയില്‍ കടുത്ത മത്സരത്തിന് കളമൊരുങ്ങുന്നു.
ഐഒഎ പ്രസിഡന്റ് സ്ഥാനത്ത് ഒരു ഊഴം കൂടി ആഗ്രഹിക്കുന്ന നിലവിലെ അധ്യക്ഷയും മലയാളിയുമായ പി ടി ഉഷയ്ക്ക് ഇത്തവണ കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. മറ്റൊരു മലയാളി താരമായ അഞ്ജു ബോബി ജോർജും മുൻ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളും ഉള്‍പ്പെടെ ആറ് പ്രമുഖ വനിതാ താരങ്ങളാണ് മത്സരരംഗത്തുള്ളത്.
സ്പോർട്സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെരിറ്റ് (SOM) തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചാല്‍ മാത്രമേ ഉഷയ്ക്ക് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകൂ. എന്നാല്‍ അഞ്ജു ബോബി ജോർജ് മത്സരരംഗത്ത് എത്തിയത് ഉഷയ്ക്ക് വെല്ലുവിളിയായേക്കും.
വനിതാ വിഭാഗത്തില്‍ മത്സരിക്കുന്ന ആറു പേരില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന നാല് പേരായിരിക്കും ഐഒഎ ജനറല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുക. വോട്ടെടുപ്പും ഫലപ്രഖ്യാപനവും തിങ്കളാഴ്ച നടക്കും.
മുൻ ഹോക്കി ക്യാപ്റ്റൻ റാണി രാംപാല്‍,ഡോല ബാനർജി, അനിത പോള്‍ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് വനിതകള്‍.
ഡിസംബർ അഞ്ചിനാണ് ഐഒഎയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി നവംബർ ഒൻപതിനാണ് 'എസ്ഒഎം' വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ആകെയുള്ള 80 അംഗ 'എസ്ഒഎം' പാനലില്‍ നിന്നുള്ള വോട്ടർമാരാണ് എട്ട് പ്രതിനിധികളെ (നാല് പുരുഷന്മാരും നാല് വനിതകളും) ഐഒഎ ജനറല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കുന്നത്.ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന എട്ട് പേരില്‍ നിന്നും രണ്ട് പ്രതിനിധികള്‍ (ഒരു പുരുഷനും ഒരു വനിതയും) ഐഒഎയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് എത്തും.
ഇവർക്ക് ഡിസംബറില്‍ നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പില്‍ ഐഒഎ അധ്യക്ഷ പദവി അടക്കമുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാനും അവകാശമുണ്ടായിരിക്കും.






