ദുബായ്: വനിതാ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ– ശ്രീലങ്ക ഫൈനൽ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക ഇന്ത്യയെ നേരിടും. 131 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ എട്ട് പന്ത് ശേഷിക്കെ വിജയതീരത്തെത്തി.
ഹർഷിത സമരവിക്രമ (31 പന്തിൽ 36), കവിഷ ദിൽഹാരി (33 പന്തിൽ 33), അവസാന ഓവറുകളിൽ തകർത്തടിച്ച നീലക്ഷിക സിൽവ (10 പന്തിൽ 18*) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് നിലവിലെ ചാംപ്യന്മാരായ ശ്രീലങ്ക ഫൈനലിൽ കടന്നത്.
ബാറ്റിങ്ങിൽ 36 പന്തിൽ 47 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയും ബോളിങ്ങിൽ നാലു വിക്കറ്റെടുത്ത് തിളങ്ങുകയും ചെയ്ത ക്യാപ്റ്റൻ ഫാത്തിമ സനയുടെ പ്രകടനവും പാക്കിസ്ഥാനെ രക്ഷിച്ചില്ല.
19–ാം ഓവറിൽ വിജയത്തിലേക്ക് 13 റൺസ് വേണമെന്നിരിക്കനെ ഫാത്തിമ സനയുടെ നോബോളിൽ നീലക്ഷിക സിൽവ സിക്സർ പറത്തിയതും ലങ്കൻ വിജയം എളുപ്പമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ തകർച്ചയോടെയാണ് തുടങ്ങിയത്. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ മുനീബ അലിയെ (8 പന്തിൽ 2) അവർ നഷ്ടമായി.
പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ മറ്റൊരു ഓപ്പണർ ഷവാൽ സുൽഫിക്കറിന്റെ (16 പന്തിൽ 24) വിക്കറ്റും പാക്കിസ്ഥാനു നഷ്ടമായി. പത്ത് ഓവർ തികയും മുൻപ് ആയിഷ സഫർ (8 പന്തിൽ 7), സദഫ് ഷംസ് (11 പന്തിൽ 8) എന്നിവരും വീണു.
പിന്നീട് അഞ്ചാം വിക്കറ്റിൽ ഗുൽ ഫിറോസയുമായി (32 പന്തിൽ 21) ചേർന്നും ആറാം വിക്കറ്റിൽ തുബ ഹസ്സനുമായി (10 പന്തിൽ 12) ചേർന്ന് ഫാത്തിമ സന നടത്തിയ രക്ഷാപ്രവർത്തനമാണ് പാക്കിസ്ഥാനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്.
അഞ്ചാം വിക്കറ്റിൽ 40 റൺസും ആറാം വിക്കറ്റിൽ 38 റൺസും കൂട്ടിച്ചേർത്തു.






