കണ്ണൂർ: തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വൈശാഖ് എസ് ദർശൻ അറസ്റ്റില്‍. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം വാങ്ങി വൈശാഖിനു നല്‍കിയിരുന്നതായി രതീശൻ അവസാനമായി എഴുതിയ കുറിപ്പില്‍ പരാമർശം ഉണ്ടായിരുന്നു. പണം വാങ്ങി വൈശാഖ് വഞ്ചിച്ചതാണ് മരണ കാരണമെന്നാണ് കുറിപ്പില്‍ പറയുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റാണ് വൈശാഖ്. ഈ മാസം മൂന്നിനാണ് തലശ്ശേരിയിലെ ഓഫീസ് മുറിയില്‍ രതീശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പണം നല്‍കിയ ഉദ്യോഗാർത്ഥികള്‍ക്ക് ജോലി ലഭിക്കാതിരുന്നതോടെ അവർ സമ്മർദം ചെലുത്താൻ തുടങ്ങി. പണം വാങ്ങി വൈശാഖ് കബളിപ്പിച്ചു. അതിനാലാണ് ജീവനൊടുക്കുന്നത് എന്നാണ് കുറിപ്പിലുള്ളത്.
തിരുവനന്തപുരത്തു നിന്നുമാണ് എറണാകുളം സ്വദേശിയായ വൈശാഖിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണയാണ് ചുമതത്തിയിരിക്കുന്ന കുറ്റം. പണം നല്‍കിയ ഉദ്യോഗാർത്ഥികള്‍ പരാതിയുമായി രംഗത്തു വന്നാല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്താനാണ് പൊലീസിന്‍റെ നീക്കം.






