പത്തനംതിട്ട: പന്തളം വിജയപുരത്ത് ഓണാഘോഷ പരിപാടിക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പരിപാടിക്കെത്തിയവരെ ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് തടയാനെത്തിയ പോലീസുകാരെയാണ് പ്രതികൾ ഇടിവള ഉപയോഗിച്ച് ആക്രമിച്ചത്.
പന്തളം ചേരിക്കൽ മുപ്പത്താറുവിളയിൽ വീട്ടിൽ ഓമനക്കുട്ടന്റെ മകൻ നിഖിൽ (25), വള്ളിക്കോട് നരിയാപുരം വയലാകടവ് വിളയിൽ പുത്തൻവീട്ടിൽ അനീഷ് ഗോപാലകൃഷ്ണൻ (25), പന്തളം വിജയപുരം തെക്കേച്ചെരുവിൽ ചെന്നേലിൽ വീട്ടിൽ പ്രമോദ് മുരളി (24) എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 27ന് പന്തളം വിജയപുരത്ത് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. മദ്യപിച്ച് സംഘർഷമുണ്ടാക്കിയ പ്രതികൾ പരിപാടി കാണാനെത്തിയവരുമായി പ്രശ്നത്തിലാവുകയും ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പോലീസുകാരെ ആക്രമിക്കുകയുമായിരുന്നു.
സംഭവത്തിൽ സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. സബ് ഇൻസ്പെക്ടർമാരായ സി.വി. വിനോദ് കുമാർ, ബിജു, എ.എസ്.ഐ സഞ്ജയൻ, എസ്.സി.പി.ഒ അൻവർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






