കോഴിക്കോട്: ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച 19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ.
പശ്ചിമ ബംഗാൾ നോർത്ത് 24 പർഗനാസ് സ്വദേശിനി മിനോതി സർദാറിനെയാണ് (35) റെയിൽവേ പോലീസും ആർ.പി.എഫും ചേർന്ന് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവർ പിടിയിലായത്.
ചെന്നൈ - മംഗലാപുരം എക്സ്പ്രസ് ട്രെയിനിലെ ജനറൽ കോച്ചിലാണ് വലിയ അളവിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ഇവർ ശ്രമിച്ചത്.
ആന്ധ്രാപ്രദേശിൽ നിന്നാണ് ഇവർ കഞ്ചാവ് ശേഖരിച്ച് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
പിടിയിലായ മിനോതി വൻ ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണോ എന്നും മുൻപും സമാന രീതിയിൽ കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.






