തിരുവനന്തപുരം: വെങ്ങാനൂരിലെ വെട്ടു കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. മുട്ടത്തറ പരുത്തിക്കുഴി അമ്പറ പുതുവൽ പുത്തൻ വീട്ടിൽ സൂര്യനാരായണൻ (19) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്.
കേസിലെ പ്രധാന പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയുണ്ടായ ആക്രമണത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ആ സംഭവത്തിൽ തിരുവല്ലം ശാന്തിപുരം വലിയവിളവീട്ടിൽ അനന്തു(21), സഹോദരൻ യദു(24) എന്നിവരെ തിരുവല്ലം, വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെട്ടു കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾകൂടി പിടിയിലാകാനുണ്ട്. നാലിന് വെങ്ങാനൂരിൽ നടന്ന സംഭവത്തിൽ വിഷ്ണുവിന് വെട്ടേറ്റത്. കേസിലെ പ്രതിയാണ് അനന്തു.
ഈ കേസിലാണ് ശേഷിച്ച മൂന്ന് പ്രതികളെ പോലീസ് തിരയുന്നത്. വെങ്ങാനൂർ ജംഗ്ഷനിൽ ബൈക്കിനു സൈഡു നൽകാത്തതിനെ തുടർന്നുള്ള വാക്കേറ്റവും മുൻ വൈരാഗ്യവുമാണ് ആക്രമണ കാരണമെന്നു പോലീസ് പറഞ്ഞു.
പോലീസിനു നേർക്കുള്ള ആക്രമണത്തിൽ വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒ സി.പി.രാകേഷ്(35), എസ്സിപിഒ വിനയകുമാർ(40) എന്നിവർക്കാണ് പരിക്കേറ്റത്. പിടിയിലായ പ്രതികൾ റിമാൻഡിലാണ്.






