വിശാഖപട്ടണം: അര്‍ണബ് അതിതീവ്ര ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിലെ കാക്കിനാഡയ്ക്കും പുതുച്ചേരിയുടെ ഭാഗമായ ഏനത്തിനും സമീപം കരതൊട്ടു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലാണ് ബാപട്ല വിശാഖപട്ടണം തീരമേഖലയ്ക്കിടയില് ചുഴലിക്കാറ്റ് കരതൊട്ടത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ആന്ധ്രപ്രദേശ്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്തു.
മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി ശക്തി പ്രാപിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് തീവ്രചുഴലിക്കാറ്റായും രാത്രി 11.30ഓടെ അതിതീവ്ര ചുഴലിക്കാറ്റായും മാറി.
ചൊവ്വാഴ്ച രാവിലെയും അതിതീവ്രാവസ്ഥയില് തുടര്‍ന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ ഏകദേശം 22 കിലോമീറ്റര്‍ വേഗത്തിലാണ് തീരത്തേക്ക് നീങ്ങിയത്.
കരതൊട്ടതോടെ തീരമേഖലകളില്‍ കാറ്റും മഴയും ശക്തമായി. ദുരന്തസാധ്യത കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
അര്‍ണബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ആന്ധ്രപ്രദേശ് തീരത്തും പശ്ചിമ ബംഗാളിലും കടല്‍ക്ഷോഭവും ശക്തമായ കാറ്റും കനത്ത മഴയും. തീരദേശ മേഖലകളില്‍ കാലാവസ്ഥ മോശമായതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. പശ്ചിമ ബംഗാളിലെ പൂര്‍വ മേദിനിപുര്‍ ജില്ലയിലെ ദിഘ കടല്‍ത്തീരത്ത് കൂറ്റന്‍ തിരമാലകള്‍ ഉയരുകയും ശക്തമായ കാറ്റ് വീശുകയും ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴയും കാറ്റും ജനജീവിതത്തെ ബാധിച്ചു. തീരപ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായി തുടരുകയാണ്.






