കണ്ണൂർ : ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുറിച്ച് നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവറെന്ന് സൂചന. ഓട്ടോയിലാണ് അർജുൻ ആയങ്കി അഭിഭാഷകയുടെ വീട്ടിലെത്തിയത്. സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിരോധിച്ച് പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിക്കുകയായിരുന്നു.
പിന്നാലെ വനിതാ അഭിഭാഷകയുടെ വീട്ടിൽ നിന്ന് അർജുനെ പിടികൂടുകയായിരുന്നു. അതേസമയം പൊലീസ് പിടിയിലായ അർജുൻ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണെന്നും അർജുൻ ആയങ്കി പറഞ്ഞു. കീഴടങ്ങാൻ വന്നതല്ല കണ്ണൂരിലെന്നും ആയങ്കി പറഞ്ഞു. കടലിൽ കാണാതായവരെ കിട്ടിയോ എന്നും ആയങ്കി പരിഹസിച്ചു. വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ച ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.
ഇതിനിടെ അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായും അന്വേഷണം നടക്കുന്നുണ്ട്. രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.






