ഈരാറ്റുപേട്ട: നവീകരിച്ച അരുവിത്തുറ സെന്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിന്റെ വെഞ്ചിരിപ്പ് സെപ്റ്റംബർ 26ന് നടക്കും. ഉച്ചകഴിഞ്ഞ് 4.30ന് രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ച് സന്ദേശം നൽകും.
പള്ളിയുടെ ചരിത്രവും പൈതൃകവും പാരമ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടാണ് സമഗ്ര നവീകരണം പൂർത്തിയാക്കിയത്. സിറിയൻ ഗോത്തിക് ശില്പമാതൃകയിലുള്ള ദേവാലയത്തിന്റെ ഘടന അതേപടി നിലനിർത്തിയിട്ടുണ്ട്. ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളും കലാസങ്കേതങ്ങളും നവീകരണത്തിന്റെ ഭാഗമായി പ്രയോജനപ്പെടുത്തി.
AD 62ൽ തോമാശ്ലീഹാ അരുവിത്തുറയിലെത്തി കുരിശ് സ്ഥാപിച്ചുവെന്നാണ് വിശ്വാസ പാരമ്പര്യം. AD 151ൽ ഇവിടെ ആദ്യ ദൈവാലയം നിർമ്മിച്ചതായും പിന്നീട് വിവിധ കാലഘട്ടങ്ങളിൽ പുനർനിർമ്മിച്ചതായും പള്ളി ചരിത്രം പറയുന്നു. ഏഴ് നൂറ്റാണ്ടിലേറെ പഴക്കമുള്ള വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപവും അരുവിത്തുറ പള്ളിയുടെ പ്രധാന പൈതൃകങ്ങളിലൊന്നാണ്. നാനാജാതി മതസ്ഥരായ വിശ്വാസികൾ വിശുദ്ധ ഗീവർഗീസിന്റെ മാധ്യസ്ഥം തേടി ഇവിടെ എത്തുന്നുണ്ട്.
നവീകരണത്തിന്റെ ഭാഗമായി മദുബഹയുടെയും ബേമ്മയുടെയും മേൽത്തട്ടിൽ ക്രിസ്തുരഹസ്യങ്ങളും സഭാ പ്രബോധനങ്ങളും പള്ളി ചരിത്രവും പ്രതിഫലിപ്പിക്കുന്ന ദൃശ്യാവിഷ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ ആനവാതിലിലെ ചിത്രീകരണം തോമസ് അപ്പസ്തോലന്റെ അരുവിത്തുറ സന്ദർശനത്തെ ആസ്പദമാക്കിയുള്ളതാണ്.
വെഞ്ചിരിപ്പ് കർമ്മത്തിന് ശേഷം ലഘുഭക്ഷണവും വൈകിട്ട് 7ന് പരിശുദ്ധ കുർബാനയും നടക്കും. രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ മുഖ്യകാർമ്മികനായിരിക്കും.
വാഹന ക്രമീകരണം: വെഞ്ചിരിപ്പ് ദിവസം പള്ളിയങ്കണത്തിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. വൈദികരുടെ വാഹനങ്ങൾക്ക് പള്ളിമുറിയുടെ അനക്സ് ഭാഗത്ത് പാർക്കിംഗ് സൗകര്യമുണ്ടാകും. മറ്റു വാഹനങ്ങൾ പൊതു പാർക്കിംഗ് ഗ്രൗണ്ട്, സ്കൂൾ ഗ്രൗണ്ട്, സ്റ്റേഡിയം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.






