അരീക്കോട്: പ്രദേശത്ത് വ്യാപകമായി മയക്കുമരുന്ന് വിതരണം നടത്തിവന്ന അന്തർസംസ്ഥാന ലഹരിസംഘത്തിലെ രണ്ടു യുവാക്കൾ പൊലീസിന്റെ പിടിയിലായി. അരീക്കോട് താഴത്തങ്ങാടി സ്വദേശി നിജിൽ (22), കാവനൂർ അത്താണിക്കൽ സ്വദേശി മുഹമ്മദ് ഷാൻ (21) എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് പുലർച്ചെ അരീക്കോട് പത്തനാപുരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയാണ് ഇവർ കുടുങ്ങിയത്. പ്രതികളിൽ നിന്ന് ഏകദേശം എട്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നും ചില്ലറ വിൽപ്പനയ്ക്കായി ലഹരിമരുന്നുമായി അരീക്കോട്ടേക്ക് എത്തിയപ്പോഴാണ് അറസ്റ്റ്.
പിടിയിലായ നിജിലിനെതിരെ സമാനമായ കുറ്റകൃത്യങ്ങൾക്ക് മുൻപും കേസുകളുള്ളതായി പൊലീസ് വ്യക്തമാക്കി. 2023-ൽ ബംഗളൂരു പൊലീസിന്റെ പിടിയിലായിട്ടുള്ള ഇയാൾ, ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്ത് തുടരുകയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാറിന്റെയും അരീക്കോട് എസ്ഐ സൈലേഷിന്റെയും നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെക്കുറിച്ചും അരീക്കോടും സമീപപ്രദേശങ്ങളിലുമുള്ള വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം ഊർജിതമാക്കിയതായിപൊലീസ് അറിയിച്ചു.






