അമ്പലപ്പുഴ: ദേശീയപാതയില്‍ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടറപകടത്തില്‍ യഥാർത്ഥ പ്രതിയെ രക്ഷിക്കാൻ പോലീസ് കേസ് അട്ടിമറിച്ചതായി പരാതി.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുമ്പോഴും, എഫ്.ഐ.ആറില്‍ മുപ്പത് വയസ്സുകാരനാണ് അപകടമുണ്ടാക്കിയതെന്ന് രേഖപ്പെടുത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഈ മാസം 10-ാം തീയതി ദേശീയപാതയില്‍ പുറക്കാട് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായിരുന്നു അപകടം. അപകടത്തില്‍ പുറക്കാട് സ്വദേശിനിയായ ബേബി എന്ന വീട്ടമ്മയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പ്ലസ്ടു വിദ്യാർത്ഥി അമിതവേഗതയില്‍ ഓടിച്ച സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ ഇവർ നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോമാവസ്ഥയില്‍ ചികിത്സയിലാണ്. ഇതിനകം രണ്ട് ശസ്ത്രക്രിയകള്‍ക്ക് ഇവർ വിധേയയായി.
അപകടം നടന്നയുടൻ പ്രദേശവാസികളും പരിക്കേറ്റ ബേബിയുടെ ഭർത്താവ് മധുവും ചേർന്ന് വാഹനം ഓടിച്ച 16-കാരനായ വിദ്യാർത്ഥിയെ പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഈ മാസം 12-ന് പോലീസ് പുറത്തുവിട്ട എഫ്.ഐ.ആറില്‍ വിദ്യാർത്ഥിയുടെ പേര് ഒഴിവാക്കുകയും വാഹനം ഓടിച്ചയാള്‍ക്ക് 30 വയസ്സ് പ്രായം തോന്നിക്കുമെന്നും രേഖപ്പെടുത്തുകയായിരുന്നു. വിവരത്തിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച കുടുംബത്തോട് നിരുത്തരവാദപരമായ രീതിയിലാണ് പോലീസ് പ്രതികരിച്ചതെന്നും ആരോപണമുണ്ട്. ദിവസവേതനക്കാരനായ ഭർത്താവ് മധു ഭാര്യയുടെ ചികിത്സ കാരണം ജോലിക്ക് പോകാൻ കഴിയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നു.
അതേസമയം, എഫ്.ഐ.ആറിലുണ്ടായത് പ്രാഥമിക വിവരങ്ങള്‍ രേഖപ്പെടുത്തിയതിലെ സ്വാഭാവിക പിഴവ് മാത്രമാണെന്നാണ് പോലീസിന്റെ വിശദീകരണം. വാഹനം ഓടിച്ചത് ലൈസൻസില്ലാത്ത 18 വയസ്സ് പൂർത്തിയായ വ്യക്തിയാണെന്ന് വ്യക്തമാക്കി കോടതിയില്‍ തിരുത്തല്‍ റിപ്പോർട്ട് നല്‍കിയിട്ടുണ്ടെന്നും തുടർനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.






