കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തില്‍ മരണപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി.
അപകടത്തില്‍ മിനികൂപ്പർ പാഞ്ഞത് 150 KM വേഗത്തില്‍. അപകടത്തിന് മുൻപ് മിനി കൂപ്പർ 150 KM വേഗത്തില്‍ എത്തി. സുഹൈലിന് ഒപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിലാണ് ദൃശ്യം കണ്ടെത്തിയത്. അപകടത്തിന് 5 സെക്കന്റ് മുൻപ് എടുത്ത ദൃശ്യത്തില്‍ കാറിന്റെ സ്പീഡോ മീറ്റർ കാണാം. പൊലീസിന്റെ പരിശോധനയിലാണ് ഇത് വ്യക്തമായത്.
അതേസമയം വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരം പൊലീസിന് നല്‍കൂ. കമ്പനിയുടെ സ്വകാര്യത നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി. ഇതോടെ അപകട സമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത് വൈകും. അതിനിടെ, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിന് കത്ത് നല്കി.
അഡ്വക്കേറ്റ് ജോണ്‍ എസ്. റാല്‍ഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നല്കി. അതിനിടെ പ്രതികളായ സുഹൈല്‍ സജീവ്, നിനവ്, ജോയല്‍ എസ് ആൻ്റോ, അമീൻ ഷ എന്നിവർ എറണാകുളം സെഷൻസ് കോടതിയില്‍ ജാമ്യാപേക്ഷ നല്കി. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് നീക്കം.
ഇതോടെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കം പൊലീസും ആരംഭിച്ചു. ഒക്ടബോര്‍ 11ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകടത്തില്‍ 19 കാരനായ സുഹൈല്‍ സജീവിനെതിരെ നെടുമ്പാശേരി പൊലീസ് ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യ ചുമത്തിയാണ് കേസെടുത്തത്






