അമ്പലപ്പുഴ: കളിക്കുന്നതിനിടെ റെയിൽവേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറിയ ഒന്നരവയസ്സുകാരൻ തീവണ്ടിതട്ടി മരിച്ചു. കാക്കാഴം പുതുവൽ വീട്ടിൽ വിനീതിൻ്റെയും സൂര്യാ ബാബുവിൻ്റെയും ഏകമകൻ ദൃണവ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.
തീവണ്ടിപ്പാളത്തിന് സമീപമുള്ള അമ്മവീട്ടിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കുട്ടി ഇഴഞ്ഞ് സമീപത്തെ പാളത്തിലേക്ക് കയറുകയായിരുന്നു. ഈ സമയം എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന മെമു തീവണ്ടിയാണ് കുട്ടിയെ ഇടിച്ചത്.
സംഭവത്തിൽ അമ്പലപ്പുഴ പൊലിസ് മേൽനടപടികൾ പൂർത്തിയാക്കി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച ദൃണവിന്റെ അച്ഛൻ വിനീത് മത്സ്യത്തൊഴിലാളിയും അമ്മ സൂര്യാ ബാബു സ്വകാര്യ ആശുപത്രിയിലെ നഴ്സുമാണ്.






