തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസിസി അംഗം മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുൻമന്ത്രി എ കെ ബാലൻ.
ഇന്ന് ഡിസിസി അംഗമാണെങ്കില്‍ നാളെ ഡിസിസി പ്രസിഡന്റാകും തടയുകയെന്ന് എ കെ ബാലൻ പറഞ്ഞു. ഇതിനുമുമ്പ് രാജ്യത്ത് എവിടെയും നടക്കാത്ത സംഭവമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സതീശനെതിരെ കോണ്‍ഗ്രസിനകത്ത് ഉയരുന്ന വികാരമാണിതെന്നും എ കെ ബാലൻ പറഞ്ഞു. സതീശൻ ഇത് മനസിലാക്കി. എല്‍ഡിഎഫ് ഭരണകാലത്ത് കെ സുധാകരനും വിഡി സതീശനും ചേർന്നാണ് ഒരു ഗുണ്ടാസംഘത്തെ വളർത്തിയെടുത്തത്. അവരാണ് അന്നത്തെ മുഖ്യമന്ത്രിയെ വിമാനത്തില്‍ കയറി തടഞ്ഞത്. ഇപ്പോഴെങ്കിലും പിണറായിയോട് മാപ്പ് പറയാൻ സതീശൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. രണ്ടും രണ്ട് പാർട്ടികളാണ്. അവരവരുടെ നയം പറയാൻ രണ്ട് പാർട്ടികള്‍ക്കും അവകാശമുണ്ട്. ചെങ്കൊടിയുടെ ഒരു തണല്‍ കിട്ടുമോ എന്നാണ് യുഡിഎഫ് നോക്കുന്നത്. സി പി ഐ എമ്മിന്റെ നിലപാടാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സിപിഐയുടെ നിലപാടാണ് ബിനോയ് പറഞ്ഞത്. ഇടതു മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് സിപിഐയും സിപിഎമ്മും. മുൻ കാലങ്ങളിലെ അനുഭവം വെച്ചാണ് പ്രതിപക്ഷ നേതാവ് അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തെയും എ കെ ബാലൻ വിമർശിച്ചു. സ്ത്രീവിരുദ്ധ പരാമർശം ദൈവം വന്ന് പറഞ്ഞാലും അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.






