ടെഹ്റാൻ: ചരിത്രപ്രസിദ്ധമായ 1976-ലെ ടെഹ്റാൻ യുഎഫ്ഒ സംഭവത്തിന് 50 വർഷങ്ങള്‍ തികയാനിരിക്കെ, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ വീണ്ടും നിഗൂഢ വസ്തുവിനെ കണ്ടതായി റിപ്പോർട്ട്.
സെപ്റ്റംബർ 20-ന് ചിത്രീകരിച്ചതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളിലാണ് രാത്രിയില്‍ ആകാശത്ത് താഴ്ന്ന് പറക്കുന്ന വസ്തു പ്രത്യക്ഷപ്പെട്ടത്.
ടെഹ്റാനിലെ ആസാദെഗാൻ എക്സ്പ്രസ് വേയ്ക്ക് സമീപമാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ വസ്തു ഏതാണെന്നോ, എത്ര ഉയരത്തിതലാണ് പറന്നതെന്നോ ഉള്ള കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇറാൻ സൈന്യമോ അധികൃതരോ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ഇറാനും അമേരിക്കയ്ക്കും ഇസ്രയേലിനും ഇടയില്‍ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും നിലനില്‍ക്കുന്നതിനിടെയാണ് ഈ വീഡിയോകള്‍ പുറത്തുവന്നിട്ടുള്ളത്. കാണപ്പെട്ട വെളിച്ചം സൈനിക ഡ്രോണുകളോ, ഒരുമിച്ച് പറന്ന ഡ്രോണ്‍ കൂട്ടങ്ങളോ ആകാം എന്നാണ് നിഗമനം. അതല്ല, ദൂരത്തുനിന്ന് കാണുമ്പോള്‍ ലൈറ്റുകള്‍ ഘടിപ്പിച്ച പട്ടം പോലെ എന്തെങ്കിലും വസ്തു ആകാം ഇതെന്നും ഒരു വിഭാഗം ആളുകള്‍ കരുതുന്നു.






