ഡൽഹി: ഫുക്കറ്റ്- ഡല്‍ഹി എയർഇന്ത്യ വിമാനം ആകാശത്ത് വച്ച് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തില്‍ പൈലറ്റിനെ പിരിച്ചുവിട്ടു.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിനും പൈലറ്റിനെതിരെ നടപടിക്ക് അന്വേഷണ സംഘം ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൈലറ്റിനെ പിരിച്ചുവിട്ടത്. അപകടത്തില്‍ 20 യാത്രക്കാർക്കും 4 ജീവനക്കാർക്കും പരിക്കേറ്റിരുന്നു.
സുരക്ഷയ്ക്കാണ് എയർ ഇന്ത്യ മുൻഗണന നല്‍കുന്നത്. ഫുക്കറ്റ് - ഡല്‍ഹി വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. സുരക്ഷ, ജോലിക്കുള്ള ശാരീരിക- മാനസിക യോഗ്യത, നിയമപരമായ ആവശ്യകതകള്‍ എന്നിവ ലംഘിക്കുന്നതിനോട് എയർഇന്ത്യക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളത്. ഇതിന്റെ ഭാഗമായി പൈലറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു- എയർ ഇന്ത്യ വക്താവ് അറിയിച്ചു.
അപകടവുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സാങ്കേതികമായ കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് എ.എ.ഐ.ബി വ്യക്തമാക്കി. 36,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു എയർബസ് എ320 നിയോ വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ പ്രവർത്തനരഹിതമായതിനെത്തുടർന്ന് 'ആള്‍ട്ടിറ്റിയൂഡ് അപ്സെറ്റ്' (വിമാനത്തിന്റെ ഉയരത്തിലോ നിലയിലോ പെട്ടെന്നുണ്ടാകുന്ന അസ്ഥിരത) സംഭവിച്ചതായി ഏജൻസി കണ്ടെത്തി. ഈ സമയത്ത് വിമാനത്തില്‍ 137 യാത്രക്കാരുണ്ടായിരുന്നു.
വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ് പ്രധാന നിയന്ത്രണങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്തില്ലെന്നും കോപൈലറ്റ് നടത്തിയ രണ്ട് പരിശോധനകളുടെയും ഫലം നെഗറ്റീവ് ആയിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.






