ഡൽഹി: കോണ്‍ഗ്രസിലോ മുന്നണിയിലോ ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന മുഖ്യമന്ത്രി വി. ഡി. സതീശനെതിരായ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്റെ പരാതിയില്‍ പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നതായി സൂചന.
ഹൈക്കമാൻഡ് നേതൃത്വത്തില്‍ സർക്കാർ-പാർട്ടി ഏകോപന സമിതി വന്നേക്കും. ഈ വിഷയത്തില്‍ ചർച്ച നടക്കാനാണ് സാധ്യത. ഈ സംവിധാനം വേണമെന്ന് നേരത്തെ കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്മുൻഷി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന്മേല് മുഖ്യമന്ത്രിയുടെ നിലപാടും തേടും. അടൂർപ്രകാശിൻ്റെ നീക്കത്തില്‍ വിഡി പക്ഷം കടുത്ത അതൃപ്തിയിലാണ്.
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കടുത്ത നിലപാട് തുടരുകയാണ് അടൂര്‍ പ്രകാശ്. വി.ഡി. സതീശനെതിരെയുള്ള രേഖാമൂലമുള്ള പരാതി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നല്കിയ അടൂർ പ്രകാശ് രാഹുല്‍ ഗാന്ധിക്കും ഇന്ന് പരാതി നല്‍കിയേക്കും. മുന്നണി കണ്‍വീനറുടെ പരാതിയില്‍ ഹൈക്കമാൻഡിനെ നിലപാട് അറിയിച്ചേക്കും. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ദില്ലിയില്‍ തുടരുകയാണ്. ദില്ലിയിലുള്ള മുഖ്യമന്ത്രിയും അടൂര്‍ പ്രകാശിനെതിരെ മറുനീക്കങ്ങള്‍ നടത്തിയേക്കാം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനോട് ദില്ലിയില്‍ തുടരാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.






