തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ നിയമനം അടക്കമുള്ള കാര്യങ്ങളിൽ മുന്നണിയിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനത്തിൽ മുസ്ലിംലീഗ് കടുത്ത അതൃപ്തിയിൽ.
അടൂർ പ്രകാശിന്റെ പരാമർശങ്ങൾ അനാവശ്യവും അനവസരത്തിലും എന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഡോ. എം കെ മുനീറിന് നൽകാൻ നേരത്തെ ധാരണ ആയതാണ്. എന്നിട്ടും മുന്നണി യോഗം വിളിക്കാൻ ചുമതലയുള്ള കൺവീനർ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുമായി പരസ്യ പ്രതികരണങ്ങൾ നടത്തിയത് ശരിയായില്ല എന്നാണ് ലീഗ് വിലയിരുത്തൽ.
മുഖ്യമന്ത്രി വിഡി സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരസ്യ പ്രതികരണത്തിൽ കെപിസിസി പ്രസിഡൻ്റും മന്ത്രിയുമായ സണ്ണി ജോസഫും കടുത്ത അതൃപ്തിയിലാണ്. പരാതിയുണ്ടെങ്കിൽ പാർട്ടിയിൽ പറയണമായിരുന്നുവെന്നും വിമർശനം ഉന്നയിക്കാൻ ഇന്നലത്തെ ദിവസം തെരഞ്ഞെടുത്തത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.
കെപിസിസി ഓഫീസ് ഇതിനായി തെരഞ്ഞെടുത്തതും ശരിയായില്ലെന്ന നിലപാടിൽ ആണ് സണ്ണി ജോസഫ്.






