തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് വിവരവും അനുഭവവുമുള്ള ആളെ നിയമിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് താൻ ഒരു പേര് നിർദേശിച്ചിട്ടുണ്ടെന്നും പേര് പുറത്തു പറയാൻ പറ്റില്ലെന്നും രഹസ്യമാണെന്നും അടൂർ പറഞ്ഞു. സാംസ്കാരിക മന്ത്രിയുടെ പങ്കെടുത്ത ഫിലിം സൊസൈറ്റി അസോസിയേഷൻ പരിപാടിയിലായിരുന്നു അടൂരിന്റെ പരാമർശം.
ഐഎഫ്എഫ്കെയുടെ വെബ്സൈറ്റ് കണ്ടാല്‍ സങ്കടകരമാണ്. പ്രധാന പ്രശ്നം ഇതില്‍ താല്പര്യമില്ലാത്തവരാണ് ഇതിന് നേതൃത്വം നല്‍കുന്നത് എന്നതാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഉപകരണങ്ങളുടെ ക്ഷാമടക്കം നിരവധി പ്രശ്നങ്ങളുണ്ട്. ജീവനക്കാർക്ക് വെറുതെ ശമ്പളം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടൂർ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഈ വർഷം ചെയ്യാൻ ചില പരിമിതികള്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. അടുത്ത വർഷത്തേക്കുള്ള തയാറെടുപ്പുകള്‍ ഈ വർഷത്തെ ഫിലിം ഫെസ്റ്റിവലിന് തൊട്ടു പിന്നാലെ ആരംഭിക്കുന്നതായിരിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
സാംസ്കാരിക മന്ത്രി ഉദ്ഘാടനം ചെയ്യേണ്ട രണ്ട് മണിക്ക് ആരംഭിക്കേണ്ട പരിപാടി മന്ത്രി എത്താത്തതിനാല്‍ വൈകി. മന്ത്രി വരാത്തതിനാല്‍ അടൂർ ഗോപാലകൃഷ്ണൻ വേദിയില്‍ സംസാരിക്കാതെ കാത്തിരിക്കുന്നു.
നേരത്തെ ഒരു സാംസ്കാരിക വകുപ്പ് മന്ത്രി ചർച്ചയ്ക്കായി വിളിച്ച് ഒന്നരമണിക്കൂർ കാത്തിരിപ്പിച്ചുവെന്നും മന്ത്രിമാർ പങ്കെടുക്കുന്ന പരുപാടിയില്‍ പോകണ്ട എന്ന് അന്ന് തീരുമാനിച്ചതാണെന്നും അടൂർ പറഞ്ഞു. അവർ വലിയ തിരക്കുകള്‍ ഉള്ളവരാണ്. നമുക്കും ചെറിയ തിരക്കുകള്‍ ഉണ്ടെന്നും അടൂർ വ്യക്തമാക്കി. മറ്റൊരു പരിപാടിയുള്ളതിനാലാണ് വൈകിയതെന്ന് മന്ത്രി വിശദീകരിച്ചു.






