തിരുവനന്തപുരം: വിഴിഞ്ഞത്ത് ഏറ്റവും അത്യാധുനികമായ എല്ലാ വിധ പുത്തൻ സംവിധാനങ്ങളോടു കൂടിയ മത്സ്യബന്ധന തുറമുഖം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.
260 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ മത്സ്യബന്ധന തുറമുഖം വിഴിഞ്ഞത്ത് നിർമിക്കുന്നത്. നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്റെ ലീവാർഡ് പുലിമുട്ടിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വടക്കേ പുലിമുട്ടിനും ഇടയിലാണ് പുതിയ തുറമുഖം വികസിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായുള്ള കണ്സഷൻ കരാറിലെ വ്യവസ്ഥകളുടെ ഭാഗമായി സർക്കാർ ഫണ്ടഡ് വർക്കായി Adani Vizhinjam Port Pvt. Ltd. (AVPPL) ആണ് തുറമുഖം നിർമിക്കുന്നത്. അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ടം നിർമാണം പൂർത്തീകരിക്കുന്നതിനോടൊപ്പം പുതിയ മത്സ്യബന്ധനതുറമുഖവും യാഥാർഥ്യമാകും.
പദ്ധതിയുടെ ഭാഗമായി 235 മീറ്റർ നീളമുള്ള പുലിമുട്ട്, 340 മീറ്റർ നീളമുള്ള ഫിഷ് ലാൻഡിങ് വാർഫ്, 400 മീറ്റർ നീളമുള്ള റിക്ലമേഷൻ ബണ്ട് എന്നിവ നിർമിക്കും. കരഭാഗത്ത് രണ്ട് ആധുനിക ലേല ഹാളുകള്‍, ലോഡിങ് ഏരിയകള്‍, ഏകദേശം 12,285 ചതുരശ്ര മീറ്റർ പാകിയ പാർക്കിങ് ഏരിയ, ഒരു കിലോമീറ്റർ ആഭ്യന്തര റോഡ്, പാലം, ഭരണനിർവഹണ കെട്ടിടം, കാന്റീൻ, വല നന്നാക്കല്‍ ഷെഡ്, ഗിയർ ഷെഡ്, ശുചിമുറി ബ്ലോക്ക്, ജലവിതരണ സംവിധാനങ്ങള്‍, ഹൈമാസ്റ്റ് - യാർഡ് ലൈറ്റുകള്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയും ഒരുക്കും.
മത്സ്യ ഉത്പന്നങ്ങള്‍ കൃത്യമായി മാർക്കറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഉറപ്പാക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിക്കുന്നതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തില്‍ മാറ്റം വരുന്നുണ്ടെന്ന് ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി പുതിയ അക്കാദമിക് കോഴ്സുകള്‍ തുടങ്ങും. തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിശോധിച്ച് സമയബന്ധിതമായി പരിഹരിക്കും. ഈ സർക്കാർ ആറ് മാസം പൂർത്തിയാക്കുമ്പോള്‍ കേരളത്തിന് അഭിമാനിക്കാനാകുന്ന ഒട്ടേറെ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ആദ്യകാല മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ വിഴിഞ്ഞത്ത് ആരംഭിക്കുന്ന 90 കോടി രൂപ മുടക്കിയുള്ള നവീകരണ പ്രവർത്തനങ്ങള്‍ രണ്ടു വർഷം കൊണ്ട് പൂർത്തിയാകും. നിർമ്മാണച്ചെലവ് VISL മുഖേന സംസ്ഥാന സർക്കാർ വഹിക്കും. 2.76 കോടി ചെലവില്‍ ഏകദേശം 8,212 ചതുരശ്ര അടി വിസ്തീർണ്ണത്തില്‍ ആധുനിക മത്സ്യമാർക്കറ്റ് നിർമ്മിക്കുന്നുണ്ട്. മാർക്കറ്റില്‍ 30 മത്സ്യപ്രദർശന ഔട്ട്ലെറ്റുകള്, കടമുറികള്‍, ഫിഷ് സ്റ്റാളുകള്‍, ഫ്രഷ് സോസുകള്‍, ഫ്രീസർ മുറികള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.
രണ്ട് മത്സ്യബന്ധന തുറമുഖങ്ങളുടെയും ഉള്ളില്‍ തിരയിളക്കം കുറച്ച് പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായ മത്സ്യബന്ധനത്തിന് സാഹചര്യമൊരുക്കുന്നതിനായി 125 കോടി ചെലവില്‍ പുതിയ പുലിമുട്ടും ഹാർബർ എൻജിനീയറിങ് വകുപ്പ് നിർമിക്കും. മത്സ്യബന്ധന വകുപ്പും തുറമുഖ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതികള്‍ വിഴിഞ്ഞം ഉള്‍പ്പെടെയുള്ള തിരുവനന്തപുരം ജില്ലയിലെ മത്സ്യബന്ധന മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ തറക്കല്ലിടലും നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് നിർമാണം കാരണം വിഴിഞ്ഞം പ്രദേശത്തെ മത്സ്യബന്ധനയാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടതിനാല്‍ അധിക ഇന്ധനം ചെലവായതിനുള്ള നഷ്ടപരിഹാര ഉപജീവനസഹായം മുഖ്യമന്ത്രി വിതരണം ചെയ്തു. 1,335 ഗുണഭോക്താക്കള്‍ക്കായുള്ള 35 കോടി രൂപ നഷ്ടപരിഹാര ഉപജീവന സഹായം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കും.






