വയറുവേദനയോ ദഹനക്കേടോ ഉണ്ടായാൽ പലരും അത് ഗ്യാസോ അസിഡിറ്റിയോ ആണെന്ന് കരുതി സ്വയം മരുന്ന് കഴിക്കാറുണ്ട്. ഭക്ഷണത്തിലെ മാറ്റം, അമിതമായി ഭക്ഷണം കഴിക്കൽ, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ തുടങ്ങിയവ ഇത്തരം അസ്വസ്ഥതകൾക്ക് കാരണമാകാം. എന്നാൽ ഈ ലക്ഷണങ്ങൾ ഇടയ്ക്കിടെ ആവർത്തിക്കുകയോ ദിവസങ്ങളോളം തുടരുകയോ ചെയ്താൽ അതിനെ നിസാരമായി കാണരുത്. കരളിൽ നിന്ന് കുടലിലേക്ക് പിത്തരസം എത്തിക്കുന്ന പിത്തനാളികളിൽ രൂപപ്പെടുന്ന അപൂർവ കാൻസറാണ് കൊളാംജിയോകാർസിനോമ. തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും ഇത് സാധാരണ ദഹനപ്രശ്നമായി തെറ്റിദ്ധരിക്കപ്പെടുന്നു. പിത്തനാളികളിലെ കാൻസർ വളർച്ച നാളി ചുരുങ്ങുന്നതിനോ അടയുന്നതിനോ കാരണമാകുകയും പിത്തരസത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യാം. ഇതോടെ രക്തത്തിലെ ബിലിറൂബിൻ ഉയർന്ന് മഞ്ഞപ്പിത്തം ഉണ്ടാകാനും സാധ്യതയുണ്ട്.
തുടക്കത്തിൽ വയറിന്റെ മേൽഭാഗത്തെ വേദന, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയ സാധാരണയായി തോന്നുന്ന ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. എന്നാൽ ആവർത്തിച്ചുവരുന്ന വയറുവേദന, കാരണമില്ലാതെ ശരീരഭാരം കുറയുക, വിശപ്പ് ഗണ്യമായി കുറയുക, അമിതമായ ക്ഷീണം, കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം കാണപ്പെടുക, മൂത്രത്തിന് ഇരുണ്ട നിറം ഉണ്ടാകുക, രാത്രിയിൽ ശക്തമായ ചൊറിച്ചിൽ അനുഭവപ്പെടുക, പനിയും വിറയലും ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങൾ തുടർച്ചയായി കാണുകയാണെങ്കിൽ കൂടുതൽ ശ്രദ്ധ വേണം. ഇത്തരം സാഹചര്യങ്ങളിൽ സ്വയം ചികിത്സ തുടരാതെ ഡോക്ടറെ സമീപിക്കുന്നതാണ് സുരക്ഷിതം.
എല്ലാ വയറുവേദനയും കാൻസറിന്റെ ലക്ഷണമല്ല. അസിഡിറ്റി, അൾസർ, ഗാൾസ്റ്റോൺ തുടങ്ങിയ നിരവധി സാധാരണ കാരണങ്ങളാലും വയറുവേദനയും ദഹനപ്രശ്നങ്ങളും ഉണ്ടാകാം. എന്നാൽ രോഗലക്ഷണങ്ങൾ എത്രകാലമായി തുടരുന്നു, മരുന്ന് കഴിച്ചിട്ടും മാറുന്നുണ്ടോ, മറ്റ് അസാധാരണ ലക്ഷണങ്ങൾ കൂടെയുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഗൗരവമായി വിലയിരുത്തണം. രോഗലക്ഷണങ്ങൾ പരിശോധിച്ച ശേഷം ഡോക്ടർ ആവശ്യമായ പരിശോധനകൾ നിർദ്ദേശിക്കും. കരളിന്റെ പ്രവർത്തനം പരിശോധിക്കുന്ന രക്തപരിശോധനകൾക്ക് പുറമെ അൾട്രാസൗണ്ട്, സി.ടി. സ്കാൻ, എം.ആർ.ഐ തുടങ്ങിയ പരിശോധനകളും ആവശ്യമായി വരാം. ചില സാഹചര്യങ്ങളിൽ എൻഡോസ്കോപ്പിക് അൾട്രാസൗണ്ട്, ബയോപ്സി തുടങ്ങിയ പരിശോധനകളും നടത്തേണ്ടിവരും.
ഒന്നോ രണ്ടോ ദിവസത്തെ സാധാരണ ഗ്യാസ് പ്രശ്നം കണ്ടു ഭയപ്പെടേണ്ടതില്ല. എന്നാൽ തുടർച്ചയായി വരുന്ന വയറുവേദനയ്ക്കൊപ്പം മഞ്ഞപ്പിത്തം, കാരണമില്ലാത്ത ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ, ഛർദി, അമിതമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം മരുന്ന് കഴിച്ച് സമയം കളയാതെ വിദഗ്ധ പരിശോധന തേടുന്നതാണ് നല്ലത്. ശരീരം നൽകുന്ന മുന്നറിയിപ്പുകളെ എല്ലായ്പ്പോഴും ഗ്യാസെന്ന് പറഞ്ഞ് തള്ളിക്കളയാതിരിക്കുക. നേരത്തെയുള്ള പരിശോധനയും ആവശ്യമായ ചികിത്സയും ചില സാഹചര്യങ്ങളിൽ ഏറെ നിർണായകമായേക്കാം.






