മസ്കറ്റ്: ഒമാനിലെ സലാലയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളുമടക്കം നാല് ഒമാനി പൗരന്മാർ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ശനിയാഴ്ചയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒരു വലിയ ട്രെയിലറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നുവെന്ന് റോയല്‍ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു.
അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ സലാലയിലെ സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ നിലവില്‍ ചികിത്സയിലാണ്. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചോ അപകടത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ റോയല്‍ ഒമാൻ പൊലീസിന്റെ എയർ വിംഗ് ഹെലികോപ്റ്റർ മാർഗ്ഗം ഷാലിം-ഹല്ലാനിയാത്ത് ദ്വീപുകളുടെ വിലായത്തില്‍ നിന്നും ഇവരുടെ സ്വന്തം നാടായ ജലാൻ ബാനി ബു അലി വിലായത്തിലേക്ക് എത്തിച്ചു.
തുടർച്ചയായുണ്ടാകുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ റോയല്‍ ഒമാൻ പൊലീസ് ഡ്രൈവർമാർക്കായി കർശനമായ സുരക്ഷാ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. യാത്ര പുറപ്പെടുന്നതിന് മുൻപ് ഡ്രൈവർമാർ കൃത്യമായി വിശ്രമിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. വാഹനമോടിക്കുമ്പോള്‍ യാതൊരു കാരണവശാലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. റോഡിലെ വേഗപരിധികള്‍ കർശനമായി പാലിക്കുകയും ഗതാഗത നിയമങ്ങള്‍ അനുസരിക്കുകയും ചെയ്യുക എന്നിവയാണ് നിർദ്ദേശങ്ങള്‍.
ശനിയാഴ്ചത്തെ ദാരുണമായ അപകടം നടക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം, സുല്‍ത്താൻ സഈദ് ബിൻ തൈമൂർ റോഡിലൂടെ ദോഫാർ ഗവർണറേറ്റിലേക്ക് മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗതയില്‍ പായുകയായിരുന്ന രണ്ട് ഡ്രൈവർമാരെ ട്രാഫിക് വിഭാഗം പിടികൂടിയിരുന്നു. മൊബൈല്‍ സ്പീഡ് ഡിറ്റക്ഷൻ ക്യാമറകളിലാണ് ഇവരുടെ അമിതവേഗത പതിഞ്ഞത്. ഇവർക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്.






