ന്യൂഡൽഹി : ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ
ജുവനൈലിന്റെ പിതാവും വാഹനത്തിന്റെ ഉടമസ്ഥനുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇരിഞ്ഞാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ
199എ പ്രകാരം ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് തീക്കാടൻ ചേരാനല്ലൂർ പോലീസിൽ പരാതി നൽകി.
ഇന്നലെ പുലർച്ചെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ അപകടത്തിൽ 55 വയസുകാരനായ ജയബാലകൃഷ്ണനാണ് മരിച്ചത്.
സംഭവത്തിൽ ചേരാനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 499/2026-ൽ വാഹനമോടിച്ച
ജുവനൈലിന്റെ പിതാവിനെതിരെ മോട്ടോർ വാഹന നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം പ്രായപൂർത്തിയാകാത്തവർ നടത്തുന്ന നിയമലംഘനങ്ങൾക്ക് നിയമം അനുശാസിക്കുന്ന
സാഹചര്യങ്ങളിൽ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ ക്രിമിനൽ ഉത്തരവാദിത്തമുണ്ടെന്നും മൂന്ന് വർഷം വരെ തടവും
25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ നിയമപ്രകാരം ഒരു വർഷത്തേക്ക് റദ്ദാക്കുന്നതിനും
ജുവനൈലിന് 25 വയസ് പൂർത്തിയാകുന്നതുവരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ്
ലൈസൻസോ അനുവദിക്കാതിരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനം ജുവനൈലിന്റെ കൈവശമെത്തിയ സാഹചര്യം, വാഹനത്തിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം,രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ വിശദമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.






