തിരുവന്തപുരം: എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു.
വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. വണ്ടന്നൂർ ചെവളക്കോണം വിളയിൽ ബിപിൻ ബാബു (26) ആണ് മരിച്ചത്.
രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.
കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും എതിർദിശയിൽ എത്തിയ ഓട്ടോറിക്ഷയും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിപിൻ ബാബുവിനെയും അനന്ദുവിനെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവർ വണ്ടന്നൂർ സ്വദേശി ശ്രീജിത്തിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ ചികിത്സയിലിരിക്കെ ബിപിൻ ബാബുവിന്റെ നില ഗുരുതരമായി. വൈകുന്നേരമാണ് മരണം സംഭവിച്ചത്.






