തിരുവനന്തപുരം: ശ്രീകാര്യം അഭിറാം കൊലക്കേസില്‍ നിർണായക തെളിവുകള്‍ കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയുമായി പൊലീസ്. മൃതദേഹം കണ്ടെത്തിയ പുരയിടത്തിന് സമീപമുള്ള സ്ഥലങ്ങളിലെ കുറ്റിക്കാടുകളും മറ്റും വെട്ടിത്തെളിച്ചാണ് പരിശോധന നടത്തുന്നത്.
മെറ്റല്‍ ഡിറ്റക്ടറും സ്കാനറും ഉപയോഗിച്ചാണ് പൊലീസ് തിരച്ചില്‍.
രണ്ടാം പ്രതിയായ ഒമർ നല്കിയ മൊഴിപ്രകാരം മൃതദേഹം കടത്തിയതിന് സമീപത്തെ കുറ്റിക്കാട്ടിലാണ് ബെല്‍റ്റ് ഉപേക്ഷിച്ചത്. എന്നാല്‍ ബെല്‍റ്റും ഫോണും സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് 17 വയസുകാരനായ ഒന്നാം പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
ഈ മാസം രണ്ടാം തീയതിയാണ് അഭിറാമിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഞായറാഴ്ച മൂന്നുമണിയോടെ സുഹൃത്ത് വിളിക്കുന്നുവെന്നുപറഞ്ഞ് വീടിന് പുറത്തേക്ക് പോയ അഭിറാമിനെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ കുടുംബം ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, ആക്രമണത്തെക്കുറിച്ച് ആനന്ദയ്ക്കും ഐശ്വര്യയ്ക്കും കൃത്യമായ വിവരമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.






