കോട്ടയം: വൈക്കം മുൻ സിഐ ഷമീർഖാൻ കൈക്കൂലിക്കേസിൽ അറസ്റ്റിലായി.
കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
അസം സ്വദേശിയുടെ നമ്പർ ഉപയോഗിച്ച് ഗൂഗിൾ പേ സംവിധാനത്തിലൂടെ 2,28,000 രൂപയാണ് ഷമീർഖാൻ കൈക്കൂലി ആയി വാങ്ങിയത്.
വൈക്കം പോലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയിരുന്നത്.
വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് ഇയാൾക്കെതിരെ നടപടിയെടുക്കാൻ കോട്ടയം ജില്ലാ പോലീസ് മേധാവി ശുപാർശ ചെയ്തിരുന്നു.
കോഴിഫാമിൽ ജോലി ചെയ്തിരുന്ന ഒരു അസം സ്വദേശിയുടെ പേരിലുള്ള സിം കാർഡും തിരിച്ചറിയൽ രേഖകളും (ആധാർ, പാൻ കാർഡ്) ഉപയോഗിച്ച് വൈക്കത്തെ കനറാ ബാങ്ക് ശാഖയിലാണ് ഷമീർഖാൻ അക്കൗണ്ട് ആരംഭിച്ചത്. ഈ അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ മറ്റൊരു മലയാളിയുടെ ഫോൺ നമ്പരും ഉപയോഗിച്ചു.
സ്റ്റേഷൻ പരിധിയിലെ ടിപ്പർ ലോറി ഉടമകൾ, മണ്ണ് മാഫിയകൾ, വിവിധ കേസുകളിലെ പ്രതികൾ എന്നിവരിൽ നിന്നായി ഒരു മാസത്തിനിടെ ഏകദേശം 2,28,000 രൂപയോളമാണ് ഇയാൾ ഡിജിറ്റലായി കൈക്കൂലി വാങ്ങിയത്.
മാസ്കും ഹെൽമെറ്റും ധരിച്ചെത്തി എടിഎം വഴി ഈ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന ഷമീർഖാന്റെ സിസിടിവി ദൃശ്യങ്ങൾ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.
നേരത്തെ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് മൊബൈൽ ഫോണും എടിഎം കാർഡും പിടിച്ചെടുത്തിരുന്നു. തുടർന്ന് ഇയാളെ അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ ഇയാളെ ഒടുവിൽ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.






