ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനി’ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
അന്ന എന്നാണ് ചിത്രത്തിൽ അഭിനയ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ചിത്രത്തിൻ്റെ സഹനിർമ്മാണം ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയുമാണ്. ജോജു ജോർജ് ഒരുക്കിയ പണി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തിൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നായികയാണ് അഭിനയ. അഭിനയയുടെ പുതിയ പോസ്റ്റർ കൂടി എത്തിയതോടെ ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ആകാംക്ഷ വർധിച്ചിരിക്കുകയാണ്.
നേരത്തെ സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ സംഗീത സംവിധായകനായി തെലുങ്ക് സംഗീത സംവിധായകൻ തമനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തെന്നിന്ത്യൻ സംഗീത രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ തമൻ സംഗീതസംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ഒറ്റക്കൊമ്പൻ’. ചിത്രത്തിന്റെ സംഗീതത്തിന് വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമായിരുന്നു ഇത്.
നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സുരേഷ് ഗോപിയെ മാസ് ലുക്കിലാണ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോയും പുറത്തുവന്നിരുന്നു. ഇവയ്ക്കെല്ലാം മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ‘ഒറ്റക്കൊമ്പൻ’ ഒരു മാസ് ആക്ഷൻ ചിത്രമായാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്.






