കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ നടപടികൾക്ക് ഇന്ന് തുടക്കമാകും. നാല് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി.
വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. കേസ് അനിശ്ചിതമായി നീളുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അവർ കോടതിയെ സമീപിച്ചത്. ഇനി വിചാരണ നീട്ടാൻ അനുമതി നൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ 16 പ്രതികൾ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ജൂലൈ ആറിന് മുഴുവൻ പ്രതികളെയും വിചാരണ കോടതിയിൽ എത്തിച്ച് കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും ചെയ്തിരുന്നു. 'വർഗീയത തുലയട്ടെ' എന്ന വാചകം ചുവരിൽ എഴുതിയതിലുള്ള വിരോധം മൂലമാണ് പ്രതികൾ അഭിമന്യുവിനെ കഠാരകൊണ്ട് കുത്തി കൊലപ്പെടുത്തിയത്. കാമ്പസ് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൻ്റെ അന്തിമ വിധി കേരളം ഉറ്റുനോക്കുകയാണ്.






