കോട്ടയം: കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ ആന പുല്ലുമൂടിക്കിടന്ന ആഴമേറിയ വെള്ളക്കെട്ടിൽ വീണു. അഞ്ചു മണിക്കൂറോളം വെള്ളക്കെട്ടിൽ കുടുങ്ങിയ വിശ്വനാഥൻ എന്ന ആനയെ ഒടുവിൽ മണ്ണുമാന്തി യന്ത്രം (ജെസിബി) ഉപയോഗിച്ച് വഴി വെട്ടി സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
കുമ്മനം കിഴക്കുംഭാഗം മര്യാത്തുരുത്ത് ഭാഗത്ത് ഇന്നലെ രാവിലെ 11.30-ഓടെയായിരുന്നു സംഭവം. മര്യാത്തുരുത്തിലെ ഉടമയുടെ പുരയിടത്തിലാണ് ആനയെ പതിവായി തളയ്ക്കാറുള്ളത്. പതിവുപോലെ പാപ്പാൻമാർ ആനയെ കുളിപ്പിക്കാനായി കൊണ്ടുപോകുന്നതിനിടെ കുറുമ്പുകാട്ടി ഓടുകയും, സമീപത്തെ പുല്ലുമൂടിക്കിടന്ന വലിയ വെള്ളക്കെട്ടിലേക്ക് അബദ്ധത്തിൽ വീഴുകയുമായിരുന്നു.
വെള്ളക്കെട്ടിൽ താണുപോയ ആനയ്ക്ക് സ്വയം കരയ്ക്കുകയറാൻ സാധിക്കാതെ വന്നതോടെ പാപ്പാൻമാരും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വൈകിട്ട് നാലരയോടെ മണ്ണുമാന്തി യന്ത്രം സ്ഥലത്തെത്തിച്ച് സമീപത്തെ ചെറിയ തോട് ഭാഗത്തെ മൺതിട്ട വെട്ടിമാറ്റി ആനയ്ക്ക് നടന്നു കയറാൻ പാകത്തിൽ വഴിയൊരുക്കുകയായിരുന്നു. തുടർന്ന് ആന സുരക്ഷിതമായി അതുവഴി കരയ്ക്കുകയറി.






