കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷൻ അനുമതി ഉത്തരവുമായി ബന്ധപ്പെട്ട് കെ. ബിജു ഐഎഎസ് സമർപ്പിച്ച മാപ്പപേക്ഷ ഹൈക്കോടതി തള്ളി. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. വിഷയത്തിൽ പുതിയ അഡീഷണൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.
'ജനങ്ങളെ സേവിക്കാനാണ് നിങ്ങളെ നിയമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ സർക്കാരിന്റെ ആയുധമാകരുത്. കോടതിക്കെതിരെ പരാമർശം നടത്തിയാൽ ഒരു സർക്കാരിനും സംരക്ഷിക്കാനാകില്ല' എന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ അനുമതി നൽകുന്ന ഉത്തരവ് സ്വതന്ത്രമായും മനസ്സിരുത്തിയും പരിഗണിച്ചാണ് പുറപ്പെടുവിച്ചതെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെന്നും, അത് വിശദീകരിച്ച് പുതിയ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.
പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ പരാമർശങ്ങൾ അനുചിതമായിരുന്നുവെന്നും അവ മുഴുവൻ പിൻവലിക്കുന്നുവെന്നും കെ. ബിജു സമർപ്പിച്ച മാപ്പപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഉത്തരവിലെ പരാമർശങ്ങൾ കോടതിക്കെതിരായതായി വന്നതിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, പിഴവ് ബോധ്യപ്പെട്ടതിനെ തുടർന്ന് വിവാദ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് ഇറക്കിയതായും അറിയിച്ചു. എന്നാൽ ഈ വിശദീകരണം അംഗീകരിക്കാൻ ഹൈക്കോടതി തയ്യാറായില്ല.






