കൊച്ചി:മലയാള സിനിമയിലെ വിലക്കിന്റെയും സംഘടനാ രാഷ്ട്രീയത്തിന്റെയും പിന്നാമ്പുറ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഓര്‍മച്ചിത്രവുമായി സംവിധായകന് വിനയന്.
2004ല്‍ 'അത്ഭുതദ്വീപ്' എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി പകര്‍ത്തിയ അപൂര്‍വ ചിത്രവും അതിന് പിന്നിലെ സംഭവവികാസങ്ങളും പങ്കുവെച്ചുകൊണ്ടുള്ള വിനയന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന് പൃഥ്വിരാജിനെയും ഗിന്നസ് പക്രുവിനെയും ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും ഈ ത്രോബാക്ക് ചിത്രത്തില്‍ കാണാം.
മലയാള സിനിമയിലെ വിലക്കിന്റെ രാഷ്ട്രീയം പഠിക്കുന്നവര്‍ക്ക് സൂക്ഷിച്ചുവയ്ക്കാവുന്ന ഒരു രേഖയാണ് ഈ ചിത്രമെന്നാണ് വിനയന് വിശേഷിപ്പിക്കുന്നത്. 2004 നവംബറില്‍ തന്റെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്വച്ചെടുത്ത ഫോട്ടോയാണിതെന്നും വിനയന് പറയുന്നു.
വിനയന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം:
ഈ ചിത്രം മലയാള സിനിമയിലെ വിലക്കിന്റെ രാഷ്ട്രീയം പഠിക്കുന്നവര്‍ക്ക് സൂക്ഷിച്ചു വയ്കാവുന്ന ഒരു രേഖയാണ്. പൃഥ്വിരാജിന്റെ തോളിലും ചുറ്റിനുമായി പക്രുവും കുറേ കുഞ്ഞന്മാരെയും ചേര്‍ത്ത് എന്റെ വീടിന്റെ കിഴക്കുവശത്തുള്ള. പുരയിടത്തില്‍ വച്ച് 2004 നവംബറിലാണ് ഈ ചിത്രം എടുക്കുന്നത്.
തൊട്ടടുത്ത ദിവസം തന്നെ മലമ്പുഴയില്‍ 'അത്ഭുത ദ്വീപ് ' ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ഒരു ചിത്രത്തിനു ഡേറ്റ് കൊടുത്ത് അഡ്വാന്‍സ് മേടിക്കുമ്പോള്‍ ഒരു നടനോ നടിയോ നിര്‍മ്മാതാവിന് എഗ്രിമെന്റ് ഒപ്പിട്ടു കൊടുക്കണോ എന്ന വിഷയത്തില്‍ താരസംഘടന അമ്മയും നിര്‍മ്മാതാക്കളുമായി 2004 ല്‍ വലിയ തര്‍ക്കം ഉണ്ടായി. എഗ്രിമെന്റ് ഒന്നും വേണ്ട എന്ന് വാശിപിടിച്ച് സൂപ്പര്‍ താരമുള്‍പ്പടെ ഉള്ളവര്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച് വിദേശ ഷോയ്ക് പോകാന്‍ തീരുമാനിച്ചു. അതൊരു സമരമുറയായിരുന്നു. എഗ്രിമെന്റ് വേണം എന്ന മലയാള സിനിമയിലെ ചുരുക്കം അഭിപ്രായക്കാരില്‍ ഒരാളായിരുന്നു ഞാന്‍.
ഫിലിം ചേമ്പറിന്റെ ആവശ്യ പ്രകാരം ആ സമരം നേരിടാനായി 'സത്യം' എന്ന സിനിമ അമ്മയുടെ സമരത്തെ പൊളിച്ചു കൊണ്ട് ഞാന്‍ ചെയ്തു. വൈശാഖാ രാജനായിരുന്നു നിര്‍മ്മാതാവ്. ആന്റോ ജോസഫായിരുന്നു പ്രൊഡക്ഷന്‍ കണ്ട്രോളര്.
എഗ്രിമെന്റ് വയ്കുന്നതില്‍ കുഴപ്പമില്ല എന്ന അഭിപ്രായക്കാരനായിരുന്ന പൃഥ്വിരാജ് സത്യത്തില്‍ നായകനായി അഭിനയിച്ചു. വെള്ളിനക്ഷത്രം കഴിഞ്ഞ ഉടനെയായിരുന്നു സത്യം ചെയ്തത്. സിനിമ ഷൂട്ടിംഗ് നടന്നതോടെ സമരം പൊളിയുകയും എഗ്രിമെന്റ് പ്രാവര്‍ത്തികമാവുകയും ചെയ്തു. വാശികേറിയ അമ്മ സത്യത്തില്‍ അഭിനയിച്ച നടന്മാരെ വിലക്കി. പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയില്‍ നിന്ന് മറ്റ് നടന്മാര് മാറിയതോടെ ആകെ പ്രശ്നമായി.
പക്രുവിനെ നാകനാക്കി അത്ഭുതദ്വീപ് എന്ന ഫാന്റസി ചിത്രം ഉടന്‍ തന്നെ ഞാന്‍ അനൗണ്‍സ് ചെയ്തു. ഫിലിം ചേമ്പര്‍ നടപ്പാക്കിയ എഗ്രിമെന്റില്‍ ജഗതിച്ചേട്ടന് ഉള്‍പ്പടെയുള്ളവര്‍ ഡേറ്റ് തന്ന് ഒപ്പുവയ്കുമ്പോള് പക്രുവും മുന്നൂറു കുഞ്ഞന്‍ മാരും എന്നേ പറഞ്ഞിരുന്നുള്ളു. പൃഥ്വിരാജിന്റെ കാര്യം രഹസ്യമായി വച്ചു. ഷൂട്ടിംഗിന് ഏതാനും ദിവസത്തിന് മുന്‍പ് മാത്രമാണ് പൃഥ്വിരാജ് നായകനാണന്ന കാര്യം അനൗണ്‍സ് ചെയ്തത്. ആ അനൗണ്‍സ്മെന്റിനു വേണ്ടി എടുത്ത ഫോട്ടോ ആണിത്. അത്ഭുത ദ്വീപിന്റെ റിലീസോടെ പൃഥ്വിരാജിനെതിരെയുള്ള വിലക്കു പൊളിഞ്ഞു. പൃഥ്വിരാജിന്റെ അമ്മ മല്ലികച്ചേച്ചിയുടെ കുടുബസുഹൃത്ത് പി എ ഫിലിപ്പോസായിരുന്നു നിര്‍മ്മാതാവ്.






