കൊച്ചി: ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം വീട്ടില്‍ വളർത്തുന്ന 'പിറ്റ്ബുള്‍' ഇനത്തില്‍പ്പെട്ട നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയില്‍ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആലങ്ങാട് കരിങ്ങാംതുരുത്തില്‍ മാളോത്ത് പള്ളിക്ക് സമീപം അറയ്ക്കപ്പാട്ട് വീട്ടില്‍ സുനില്‍ (58) ആണ് വരാപ്പുഴ പോലീസിന്റെ പിടിയിലായത്. ആക്രമണത്തിനിരയായ ഭാര്യ ഷൈനിയുടെ (55) പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ടു ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും സുനില്‍ തന്നെ പതിവായി മർദിക്കാറുണ്ടെന്ന് ഷൈനിയുടെ പരാതിയില്‍ പറയുന്നു. നേരത്തെ സുനില്‍ തന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുതകർത്തിരുന്നു. ഇക്കാര്യം സുനിലിന്റെ സുഹൃത്തുക്കളോട് പറഞ്ഞതിലുള്ള വൈരാഗ്യമാണ് ക്രൂരമായ മർദനത്തിന് കാരണമായത്
പ്രകോപിതനായ സുനില്‍ ഷൈനിയെ മുഖത്തടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത ശേഷം വീട്ടില്‍ വളർത്തുന്ന പിറ്റ്ബുള്‍ നായയെ വിട്ട് കടിപ്പിക്കുകയായിരുന്നു. മർദനത്തില്‍ ഷൈനിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. നായയുടെ കടിയേറ്റതിനെത്തുടർന്ന് പറവൂർ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയ ഷൈനി പ്രതിരോധ കുത്തിവെപ്പെടുത്തു.
ചേന്നൂർ സ്വദേശിനിയായ ഷൈനിയുടെ രണ്ടാം വിവാഹമാണ് സുനിലുമായുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത വരാപ്പുഴ പോലീസ് സുനിലിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ തുടരന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.






