ശബരിമല:സന്നിധാനത്തെ ഓൺലൈൻ മുറി ബുക്കിംഗിലെ സോഫ്റ്റ്വെയർ പഴുതുകൾ മുതലെടുത്ത് ചെന്നൈ കേന്ദ്രീകരിച്ചുള്ള ട്രാവൽ ഏജൻസികളും ഇടനിലക്കാരും വൻതോതിൽ മുറികൾ തട്ടിയെടുത്ത കേസിൽ അന്വേഷണം ശക്തമാക്കി ദേവസ്വം വിജിലൻസും സൈബർ പോലീസും. മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് തൊട്ടുമുമ്പ് ഭക്തർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ പുറത്തുവന്നു.
തുലാമാസ പൂജകൾക്കായി ഓൺലൈൻ ബുക്കിങ് സൗകര്യം തുറന്ന ആദ്യ മണിക്കൂറിൽ തന്നെ ചെന്നൈ ആസ്ഥാനമായുള്ള 'സുജാത ട്രാവൽ ഏജൻസി' ഉൾപ്പെടെയുള്ള സംഘങ്ങൾ പല ദിവസങ്ങളിലായി 22 മുറികൾ വീതം ഒറ്റയടിക്ക് സ്വന്തമാക്കി. ഭക്തർക്ക് ലഭ്യമാക്കിയ ആകെ 400 മുറികളിൽ 300-ലധികം മുറികളും ഇത്തരത്തിൽ ഏജൻസികൾ കൂട്ടത്തോടെ കൈക്കലാക്കുകയായിരുന്നു.
2,000 രൂപ നിരക്കിൽ ലഭിക്കുന്ന മുറികൾ ഭക്തർക്ക് 10,000 രൂപയിലധികം ഈടാക്കി മറിച്ചുവിറ്റ് ലക്ഷങ്ങൾ കൊള്ളയടിക്കാനായിരുന്നു മാഫിയയുടെ പദ്ധതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലവിലെ പോർട്ടലിൽ മുറി ബുക്ക് ചെയ്യാൻ വെറും ഒരു ഇമെയിൽ ഐഡി മാത്രം മതിയായിരുന്നു. പരിശോധനകളോ നിയന്ത്രണങ്ങളോ ഇല്ലാതിരുന്നതാണ് മാഫിയ സംഘങ്ങൾക്ക് തട്ടിപ്പ് എളുപ്പമാക്കിയത്.
തട്ടിപ്പിനായി കൂട്ട ബുക്കിങ് നടത്തിയ കമ്പ്യൂട്ടറുകളുടെയും ഫോണുകളുടെയും IP വിലാസങ്ങൾ ദേവസ്വം വിജിലൻസ് ശേഖരിച്ച് സൈബർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിലൂടെ കുറ്റവാളികളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്.ദേവസ്വം വിജിലൻസ് എസ്.പി. വി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഉടൻ തന്നെ കേരള ഹൈക്കോടതിക്ക് സമർപ്പിക്കും.മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് മുന്നോടിയായി സോഫ്റ്റ്വേർ അടിയന്തരമായി പരിഷ്കരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിർദ്ദേശം നൽകിയിത് ഇനി മുതൽ ശബരിമല വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്ത ഭക്തർക്ക് മാത്രമേ സന്നിധാനത്ത് മുറികൾ ബുക്ക് ചെയ്യാൻ സാധിക്കൂ.ബുക്കിങ് സുതാര്യമാക്കാൻ മൊബൈൽ നമ്പറുകളിലേക്ക് OTP വെരിഫിക്കേഷൻ സംവിധാനവും ഏർപ്പെടുത്തും.






