പാലക്കാട്: 43 പവൻ സ്വർണവുമായി കടന്നുകളഞ്ഞ പ്രതികളെ പിന്തുടർന്ന പൊലീസിനെ വലച്ച് കാലപ്പഴക്കംച്ചെന്ന ജീപ്പ്. പാലക്കാട്-തിരുവില്വാമല റോഡിലെ ഇഷാൻ ജ്വല്ലറിയിലെ മോഷണക്കേസിലെ പ്രതികളെയാണ് പൊലീസ് ഒന്നര കിലോമീറ്ററോളം പിന്തുടർന്നത്.
എന്നാല്‍ ജീപ്പിന്റെ കാലപ്പഴക്കവും വേഗതക്കുറവും മോഷ്ടക്കാള്‍ രക്ഷപ്പെടുന്നതിനിടയാക്കി.
തമിഴ്നാട്ടിലെ ഗോപാലപുരത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മോഷണസംഘം അപ്രതീക്ഷിതമായി കാറില്‍ പൊലീസിന് മുന്നിലെത്തിയത്. തുടർന്ന് പട്ടാമ്പി സിഐ ദീപകുമാറിന്റെയും കോട്ടായി എസ്ഐ എം. അജാസുദ്ദീന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒന്നര കിലോമീറ്ററോളം പ്രതികളെ പിന്തുടർന്നു. എന്നാല്‍, ഇടുങ്ങിയ മറ്റൊരു വഴിയിലൂടെ കടന്ന മോഷണസംഘം പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്.
ജീപ്പിന്റെ കാലപ്പഴക്കമാണ് പ്രതികളെ പിന്തുടരുന്നതിന് പൊലീസിന് തടസ്സമായത്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് നിഗമനം. മോഷണസംഘത്തിലെ ചിലർക്ക് കേരളവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം.
കവർച്ചയ്ക്ക് മുമ്പ് പ്രതികള്‍ അങ്കമാലി ഭാഗത്ത് എത്തിയിരുന്നതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്വർണവ്യാപാരിയുമായി പ്രതികള്‍ ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്.
സ്വർണമാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ നാലംഗസംഘമാണ് മോഷണം നടത്തിയത്. വീടിനോടു ചേർന്നുള്ള ജ്വല്ലറിയില്‍ എത്തിയ ഇവർ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മോഷണം നടത്തുകയായിരുന്നു. ഉടമകളെയും ജീവനക്കാരെയും തോക്കിൻമുനയില് നിർത്തിയും കത്തി വീശിയും ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.
പ്രതിരോധിക്കാൻ ശ്രമിച്ച ഉടമകള്‍ക്കും ജീവനക്കാർക്കും നേരെ വെടിവച്ച ശേഷം സംഘം കടന്നുകളഞ്ഞു. ജ്വല്ലറിയിലെ അലമാരയില്‍ പ്രദർശിപ്പിച്ചിരുന്ന മൂന്ന് പെട്ടികളിലുണ്ടായിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്.






