പത്തനംതിട്ട: ലൈഫ് ഭവനപദ്ധതിയില്‍ അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ എം.ആർ.
റാണി ലക്ഷ്മിക്കെതിരെ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തി. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകള്‍ക്ക് പിന്നാലെ അരുവാപ്പുലം പഞ്ചായത്തിലും തട്ടിപ്പ് നടന്നതായി പരിശോധനയില്‍ വ്യക്തമായി.
സീതത്തോട് പഞ്ചായത്തില്‍ മാത്രം 69.68 ലക്ഷം രൂപയുടെ ക്രമക്കേടാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. ജനകീയാസൂത്രണ ഭവനനിർമാണ പദ്ധതി, വീട് മെയിന്റനൻസ്, ശുചിമുറി നവീകരണം തുടങ്ങിയ പദ്ധതികളില്‍ ബന്ധുക്കളെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം കൈമാറിയെന്നാണ് കണ്ടെത്തല്‍.
തണ്ണിത്തോട് പഞ്ചായത്തില്‍ ഏകദേശം രണ്ടു ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പഞ്ചായത്ത് അധികൃതരാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയും റാണി ലക്ഷ്മിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെ സീതത്തോട് പഞ്ചായത്തിലും പരിശോധന നടത്തിയതോടെയാണ് വലിയ തോതിലുള്ള ക്രമക്കേടുകള്‍ പുറത്തുവന്നത്.
ഇതിനിടെ അരുവാപ്പുലം പഞ്ചായത്തിലും 12 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം. എന്നാല്‍ വിശദമായ പരിശോധന പൂർത്തിയായ ശേഷമേ കൃത്യമായ നഷ്ടത്തുക വ്യക്തമാകൂ.
നിലവില്‍ കണ്ടെത്തിയ തുകയേക്കാള്‍ കൂടുതല്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും. തദ്ദേശവകുപ്പ് ഇന്റേണല്‍ വിജിലൻസ് ഓഫിസർ വിനീതാ സോമന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പരിശോധനയും നടത്തിയിരുന്നു.
തണ്ണിത്തോട് പഞ്ചായത്ത് നല്കിയ പരാതിയിലാണ് പൊലീസ് റാണി ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ കൊട്ടാരക്കര സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാൻഡിലാണ് ഇവർ. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതോടെ തട്ടിപ്പിന്റെ വ്യാപ്തിയും കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്നതും വ്യക്തമാകുമെന്നാണ് പ്രതീക്ഷ.






