കോഴിക്കോട്: നാദാപുരത്ത് വിവാഹച്ചടങ്ങിനിടെയുണ്ടായ ആഘോഷങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു.
ഞായറാഴ്ച വൈകീട്ട് നാദാപുരം തൂണേരി വരിക്കോളിയിലായിരുന്നു നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പേരോട് നിന്നുള്ള വരനും സുഹൃത്തുക്കളും ബന്ധുക്കളും തൂണേരിയിലെ വധുവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
വധുവിന്റെ വീടിന് സമീപത്തായി മരണം നടന്ന ഒരു വീടുണ്ടായിരുന്നു. അതിനാല്‍, പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങളും ബാന്‍ഡ്മേളവും ഉള്‍പ്പെടെയുള്ളവ ഒഴിവാക്കണമെന്ന് മഹല്ല് കമ്മിറ്റിയും വധുവിന്റെ വീട്ടുകാരും നാട്ടുകാരും നേരത്തേ തന്നെ വരന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നതാണ്. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങളെല്ലാം അവഗണിച്ചുകൊണ്ട് വരനൊപ്പമെത്തിയ സംഘം പടക്കവും ബാന്റ്മേളവുമായാണ് എത്തിയത്.
വിവാഹം ആഘോഷമാക്കുന്നതിന്റെ ഭാഗമായി വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ ബാന്‍ഡ് അടിയും തുടങ്ങി. ഇതോടെ വധുവിന്റെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഇടപെടുകയും പടക്കം പൊട്ടിക്കുന്നതും ബാന്‍ഡ് മേളവും നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ വരന്റെ സുഹൃത്തുക്കള്‍ ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. ഇതോടെ ഇരുകൂട്ടരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്കും കൂട്ടത്തല്ലിലേക്കും നീങ്ങുകയുമായിരുന്നു.
സംഘര്‍ഷം രൂക്ഷമായതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി. പിന്നീട് വരന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തുകയും ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വധുവിന്റെ വീട്ടിലേക്ക് കയറ്റിയത്. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാലും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിനാലും പൊലീസ് കേസെടുത്തിട്ടില്ല.
വിവാഹവീടുകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മേഖലയില്‍ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞയാഴ്ചയും നാദാപുരത്തിന് സമീപമുള്ള ആയഞ്ചേരിയിലെ വിവാഹവീട്ടില്‍ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് വലിയ സംഘര്‍ഷമുണ്ടാവുകയും, അന്നത്തെ സംഭവത്തില്‍ വധുവിന്റെ അമ്മയ്ക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.





