കൊച്ചി: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങളിലും ഭക്ഷണക്രമത്തിലും അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി ജയില്‍ മേധാവി ഡി.ജി.പി.
എസ്. ശ്രീജിത്ത്. തടവുകാർക്ക് ആഡംബര ഭക്ഷണത്തിന് പകരം ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന ഭക്ഷണക്രമം നടപ്പാക്കാനാണ് തീരുമാനം. ജയിലുകളുടെ സുരക്ഷ ശക്തമാക്കാൻ എ.ഐ. ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായം കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തടവുകാർക്ക് ചെലവേറിയതോ ആഡംബരപരമോ ആയ ഭക്ഷണം നല്‍കുന്നതിനുപകരം അവരുടെ ആരോഗ്യസ്ഥിതി പരിഗണിച്ചുള്ള ഭക്ഷണക്രമം നടപ്പാക്കാനാണ് ജയില്‍വകുപ്പ് ആലോചിക്കുന്നത്. തിരുവനന്തപുരം സെൻട്രല്‍ ജയിലിലെ 869 തടവുകാരില്‍ 265 പേർ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും 15 പേർ എച്ച്.ഐ.വി. ബാധയ്ക്കും 18 പേർ ക്ഷയരോഗം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കും ചികിത്സ തേടുന്നവരാണ്.
ഇതിനു പുറമേ 88 പേർ ദിവസവും മരുന്ന് കഴിക്കാതെ കഴിയാനാകാത്ത ആരോഗ്യസ്ഥിതിയിലുള്ളവരാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരം ഇവർക്ക് ആവശ്യമായ പോഷകാഹാരം നല്‍കുന്നതിലൂടെ ആരോഗ്യനില മെച്ചപ്പെടുത്താനും സർക്കാരിന്റെ ചികിത്സാ ചെലവ് കുറയ്ക്കാനും കഴിയുമെന്നാണ് ജയില്‍വകുപ്പിന്റെ വിലയിരുത്തല്‍.
മട്ടണ്‍ പോലുള്ള റെഡ് മീറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും അമിതവണ്ണത്തിനും കാരണമാകുന്നതിനൊപ്പം ചെലവേറിയതുമാണ്. അതിനാല്‍ ഇവ ഒഴിവാക്കി ആരോഗ്യത്തിന് ഗുണകരവും സാമ്പത്തികമായി ലാഭകരവുമായ ഭക്ഷണരീതി നടപ്പാക്കാനാണ് ശ്രമമെന്ന് ഡി.ജി.പി. പറഞ്ഞു.
ജയില്‍ സുരക്ഷയ്ക്കായി ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതല്‍ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിയ്യൂർ ജയിലില്‍ ഡ്രോണ്‍ നിരീക്ഷണം ഇതിനകം പരീക്ഷിച്ചിട്ടുണ്ട്. സി.സി.ടി.വി. ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥർ 24 മണിക്കൂറും നേരിട്ട് നിരീക്ഷിക്കുന്ന രീതിക്ക് പകരം, എ.ഐ. ഉപയോഗിച്ച് അസാധാരണമായ സംഭവങ്ങള്‍ സ്വമേധയാ കണ്ടെത്തുന്ന സംവിധാനമാണ് പരിഗണിക്കുന്നത്.
ജയിലിനുള്ളില്‍ കത്തിപോലുള്ള ആയുധങ്ങള്‍ കണ്ടെത്തുകയോ വലിയ രീതിയിലുള്ള കൂട്ടംചേരലുകള്‍ ഉണ്ടാകുകയോ ചെയ്താല്‍ സംവിധാനം തന്നെ ഉദ്യോഗസ്ഥർക്ക് ഉടൻ മുന്നറിയിപ്പ് നല്കുന്ന തരത്തിലായിരിക്കും ഇത്. സുരക്ഷാ നിരീക്ഷണത്തിന്റെ വലിയൊരു ഭാഗം സാങ്കേതികവിദ്യയെ ഏല്‍പ്പിക്കുന്നതിലൂടെ ഉദ്യോഗസ്ഥർക്ക് കൂടുതല്‍ സമയം തടവുകാരുടെ മാനസിക പരിവർത്തനത്തിനും പുനരധിവാസത്തിനുമായി മാറ്റിവെക്കാൻ കഴിയുമെന്നും എസ്. ശ്രീജിത്ത് പറഞ്ഞു.
അടുത്തിടെ ദക്ഷിണാഫ്രിക്ക സന്ദർശിച്ചപ്പോഴുണ്ടായ അനുഭവവും ഡി.ജി.പി. പങ്കുവെച്ചു. കുറ്റവാളികളെ പാർപ്പിക്കുന്ന സ്ഥാപനങ്ങളെ അവിടെ 'മാനേജ്മെന്റ് ഏരിയ' എന്നും ഉദ്യോഗസ്ഥരെ 'കറക്ഷണല്‍ സർവീസ് ഓഫീസേഴ്സ്' എന്നുമാണ് വിശേഷിപ്പിക്കുന്നത്.
ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ ജയിലുകളുടെ പേരുമാറ്റണമെന്ന നിർദേശം ആഭ്യന്തരവകുപ്പിന് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം പരിഗണിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തടവുകാരെ കേവലം പൂട്ടിയിടുന്ന സ്ഥലങ്ങള്‍ എന്നതില്‍നിന്ന് മാറി, അവരുടെ വികാരങ്ങളും സ്വഭാവവും നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന 'കറക്ഷൻ ഇൻസ്റ്റിറ്റ്യൂഷനുകളായി' ജയിലുകള്‍ മാറണമെന്നാണ് ഡി.ജി.പി.യുടെ നിലപാട്.
ജയിലിലെത്തുന്ന ഓരോ തടവുകാരനെയും ആദ്യ ആഴ്ചയില്‍ തന്നെ വിശദമായി വിലയിരുത്തണം. തുടർന്ന് ശിക്ഷാകാലാവധി പൂർത്തിയാകുന്നതുവരെ ഓരോ ദിവസവും എന്തുചെയ്യണമെന്നത് മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന രീതിയും നടപ്പാക്കണം.
തടവുകാരുടെ ശിക്ഷാകാലാവധി പൂർത്തിയായ ശേഷം അവരെ സമൂഹത്തിന് ഉപകാരപ്പെടുന്ന നല്ല പൗരന്മാരാക്കി മാറ്റുന്നതില്‍ ഇത്തരം കറക്ഷൻ ഇൻസ്റ്റിറ്റ്യൂഷനുകള്‍ക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നും ഡി.ജി.പി. പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഡി.ജി.പി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.






