കോട്ടയം: ഏറ്റുമാനൂർ ബ്ലോക്കിനെ ടൂറിസം ഹബ്ബാക്കി മാറ്റുന്ന പുതിയ പദ്ധതി വരുന്നു. സഞ്ചാരികൾക്ക് അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, നീണ്ടൂർ, തിരുവാർപ്പ്, കുമരകം എന്നിവടങ്ങളിലെ പാടശേഖരങ്ങളിലൂടെയും പുഴകളിലൂടെയും സഞ്ചരിച്ച് പ്രാദേശിക സംസ്കാരവും ഗ്രാമീണ സൗന്ദര്യവും ആസ്വദിക്കുന്നതിനും കുമരകവുമായി ബന്ധിപ്പിച്ച് വേമ്പനാട്ട് കായൽ യാത്രയും ഉൾപ്പെടുത്തി കനാൽ ടൂറിസം പദ്ധതിയും സമഗ്ര ടൂറിസം വികസനവും നടപ്പാക്കുകയാണ് ലക്ഷ്യം.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാരിന്റേയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരത്തോടെ
ഏറ്റുമാനൂർ സമഗ്ര ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കിയതായും വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി പി ആർ) തയ്യാറാക്കുന്നതിനായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യ ഘട്ടമായി അഞ്ച് ലക്ഷം രൂപാ അനുവദിച്ചതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം അറിയിച്ചു .
ഇതിനായി ആറുകളും തോടുകളും ശുചീകരിച്ച് ആറ്റുതീരങ്ങൾ സൗന്ദര്യവത്കരിക്കുകയും, പ്രധാന സ്ഥലങ്ങളിൽ വിശ്രമ കേന്ദ്രങ്ങളും ടൂറിസം ഫെസിലിറ്റേഷൻ സെന്ററുകളും സ്ഥാപിക്കുന്നതിനുമാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിലൂടെ പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ വരുമാനവും വർദ്ധിപ്പിക്കാനാവുമെന്ന് ജയ്മോൻ കരീമഠം പറഞ്ഞു.
പദ്ധതിയിൽ ചരിത്ര പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, അയ്മനം നരസിംഹ സ്വാമി ക്ഷേത്രം, വേദഗിരി ശ്രീധർമ്മ ശാസ്താ ക്ഷേത്രം, ചെമ്പകശേരി മഹാരാജാവ് പണി കഴിപ്പിച്ച കുടമാളൂർ സെന്റ് മേരീസ് ചർച്ച്, വിശുദ്ധ അൽഫോൺസാമ്മയുടെ ജന്മഗൃഹം, മാന്നാനം ചാവറ കുര്യാക്കോസ് അച്ചന്റെ സ്മാരകവും മ്യൂസിയവും, അതിരമ്പുഴ സെന്റ് മേരീസ് ഫെറോന ചർച്ച്, താഴത്തങ്ങാടി ജുമാ മസ്ജിദ്
തുടങ്ങിയ ആരാധനാലയങ്ങളേയും തീർത്ഥാടന കേന്ദ്രങ്ങളേയും വിവിധ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളേയും ഉൾപ്പെടുത്തി തീർത്ഥാടന ടൂറിസം സാധ്യതകളും പ്രയോജപ്പെടുത്തും.ഏറ്റുമാനൂർ ബ്ലോക്കിനെ ടൂറിസം ഹബ്ബാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി സർക്കാരിന്റേയും ജില്ലാ പഞ്ചായത്തിന്റേയും, പഞ്ചായത്തുകളുടേയും സഹകരണത്തോടെയാണ് നടപ്പാക്കുക. ടൂറിസം വകുപ്പിന്റെയും വിവിധ ഡിപ്പാർട്ട്മെന്റ് കളുടെയും സാമ്പത്തിക, സാങ്കേതിക സഹായം ലഭിക്കുന്നതിനായി ഏറ്റുമാനൂർ എം എൽ എ നാട്ടകം സുരേഷ്, ടൂറിസം മന്ത്രി പി സി വിഷ്ണു നാഥ്, ഫ്രാൻസിസ് ജോർജ് എം പി എന്നിവർക്ക് നിവേദനം നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം പറഞ്ഞു.






