വൈക്കം: വിപ്ലവ ഗായിക പി.കെ. മേദിനിയ്ക്കു സി.പി.ഐ. നിര്‍മിച്ചു നല്കിയ വീടിന്റെ ഗൃഹപ്രവേശം നാളെ. സ്വാതന്ത്ര്യ സമരസേനാനിയും വിപ്ലവഗാനങ്ങളിലെ വാനമ്പാടിയുമായ മേദിനിയെ സ്വാഗതം ചെയ്തു തോട്ടകം റെഡ്സല്യൂട്ട് ഭവനത്തിന് മുന്നില്‍ സാംസ്കാരിക കൂട്ടായ്മ ഒരുക്കി കാത്തിരിക്കുകയാണ് സംഘാടക സമിമതി.
മേദിനിയോടൊപ്പം പാടാം പ്രോഗ്രാമില്‍ പ്രമുഖ ഗായകരായ വൈക്കം വിജയലക്ഷ്മി ഡോ.ഫാ.എംപി ജോര്‍ജ് തുടങ്ങി സാംസ്കാരിക നേതാക്കള്‍, ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി പ്രമുഖര്‍ സംഗമത്തില്‍ ഒത്തുചേരും.
യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന സംഗമത്തില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം താക്കോല്‍ ദാനം നിര്‍വഹിക്കും.
പണിപൂര്‍ത്തിയായ വീട് കാണാനെത്തിയ പി.കെ.മേദിനിയെ വൈക്കം വിജയലക്ഷ്മി ഷാളണിയിച്ചു.സാംസ്കാരിക സംഗമത്തിന്റെ ഭാഗമായി പി.കെ.മേദിനിയെ കുറിച്ച് സജിതാ മഠത്തില്‍ സംവിധാനംചെയ്ത് പി.ആര്.ഡി തയ്യാറാക്കിയ ഡോക്യുമെന്റെറി മാറ്റത്തിന്റെ പാട്ടുകാരിയുടെ പ്രദര്‍ശനവും ഉണ്ടാവുമെന്ന് സംഘാടകസമിതി പ്രസിഡന്റ് വി.കെ.സന്തോഷ്കുമാറും കണ്‍വീനര്‍ എം.ഡി ബാബുരാജും അറിയിച്ചു.






