മുംബൈ: സ്വപ്നനഗരിയായ മുംബൈയിലേക്ക് വണ്ടി കയറുമ്പോള്‍ ഇരുപത്തിയെട്ടുകാരനായ ഭൂഷണ് താക്കറെയുടെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത് വെറും 24 രൂപ മാത്രമായിരുന്നു.
എന്നാല്‍, ആ യുവാവിനായി കാലം മുംബൈയില്‍ ഒരു അത്ഭുതം കാത്തുവച്ചിട്ടുണ്ടായിരുന്നു.
ഒറ്റദിവസം കൊണ്ട് ഭൂഷണ് കോടീശ്വരനായി മാറി. അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന കോൻ ബനേഗ ക്രോർപതിയുടെ 18-ാം സീസണില്‍ ഒരു കോടി രൂപ നേടുന്ന ആദ്യ മത്സരാർഥിയായി ഭൂഷണ് ചരിത്രം കുറിച്ചു.
സിവില്‍ സർവീസ് പരീക്ഷാ പരിശീലനത്തിനായാണ് ഭൂഷണ് മുംബൈയിലെത്തിയത്. 2020-ല്‍ സിവില്‍ സർവീസ് സ്വപ്നങ്ങള്‍ക്കായി പഠനം തുടങ്ങിയ ഇദ്ദേഹം, 2016 മുതല്‍ കോൻ ബനേഗ ക്രോർപതിയുടെ ഹോട്ട് സീറ്റിലെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു.
കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ കഠിനാധ്വാനത്തിലാണ് ഭൂഷണ് വളർന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ മകന്റെ പഠനത്തിന് തടസമാകരുതെന്ന് ആ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നു. പഠനച്ചെലവുകള്‍ക്കായി അമ്മ തന്റെ സ്വർണാഭരണങ്ങള്‍ വിറ്റാണ് പണം സ്വരൂപിച്ചത്.
സമ്മാനത്തുക കൊണ്ട് അമ്മ വിറ്റതിനേക്കാള്‍ കൂടുതല്‍ സ്വർണം തിരികെ വാങ്ങി നല്‍കണമെന്നാണ് ഭൂഷണിന്റെ ആഗ്രഹം. മികച്ചൊരു പരിശീലന കേന്ദ്രത്തില്‍ ചേർന്ന് സിവില്‍ സർവീസ് പഠനം തുടരാനും അദ്ദേഹം ലക്ഷ്യമിടുന്നു.
ഒരു കോടി രൂപ സ്വന്തമാക്കിയതിനു പിന്നാലെ ഏഴ് കോടി രൂപയുടെ ജാക്ക്പോട്ട് ചോദ്യവും ഭൂഷണെ തേടിയെത്തി. എന്നാല്‍, ഉത്തരം ഉറപ്പില്ലാതിരുന്നതിനാല്‍ കളി അവസാനിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
കളിയില്‍ നിന്നും പിന്മാറിയ ശേഷം ഭൂഷണ് പറഞ്ഞ ഉത്തരം ശരിയായിരുന്നു. ഏഴ് കോടി രൂപ കൈവിട്ടുപോയെങ്കിലും ഭൂഷണിന് അതില്‍ യാതൊരു നിരാശയുമില്ല.
കാരണം, അക്കൗണ്ടില്‍ 24 രൂപയുമായി ജീവിതം കരുപ്പിടിപ്പിക്കാൻ ഇറങ്ങിയ അവന് ഈ ഒരു കോടി രൂപ വെറുമൊരു സമ്മാനത്തുകയായിരുന്നില്ല, തന്റെ കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.
അത് ഊഹത്തിന്റെ പേരില്‍ നഷ്ടപ്പെടുത്താൻ അവൻ ഒരുക്കമായിരുന്നില്ല.






