ഗ്രീൻ റൂം പ്രൊഡക്ഷനുമായി കുഞ്ചാക്കോ ബോബൻ ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ഹെയ്ൽ മേരി. ചിത്രത്തിന്റെ റിലീസ് ദിനമായ ഇന്നലെ ആദ്യ ഷോകൾക്ക് പിന്നാലെ ഗംഭീര പ്രേക്ഷക നിരൂപക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ മലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകൻ ജീത്തു ജോസഫ് ഹെയ്ൽ മേരിക്ക് അഭിനന്ദങ്ങളുമായി രംഗത്തെത്തി.
"ആകാംക്ഷയും വൈകാരികതയും നിറഞ്ഞ ത്രില്ലർ, തിയേറ്ററിൽ ഈ പടം മിസ് ആക്കരുത് " എന്നാണ് ജീത്തു ജോസഫ് ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതിയത്. ഹെയ്ൽ മേരിക്ക് ആദ്യ ദിനം പ്രേക്ഷകരുടെ വമ്പൻ സ്വീകാര്യതയും അഭ്യർത്ഥനകളും കാരണം നാല്പതോളം അഡീഷണൽ ലേറ്റ് നൈറ്റ് ഷോകൾ കേരളത്തിൽ മാത്രം ആഡ് ഓൺ ചെയ്തിരുന്നു. ബുക്ക് മൈ ഷോയിൽ ഓരോ മണിക്കൂറിലും ട്രെൻഡിങ്ങിൽ മുന്നിൽ നിന്ന ചിത്രത്തിന്റെ റേറ്റിംഗ് 9.4 ആണ്.
കുടുംബ പ്രേക്ഷകരുടെ ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ആദ്യ ദിനം നേടാനായത്. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി അഭിനയിച്ച താരങ്ങളുടെ എല്ലാം മികവുറ്റ പ്രകടനങ്ങളും ഗംഭീര വിഷ്വൽസും ജേക്സ് ബിജോയുടെ ബ്രില്ല്യന്റ് മ്യൂസിക് വർക്കും ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നു.
നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ഹെയ്ൽ മേരി മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്നു. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, സൂരജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അർച്ചന പദ്മിനി, ബിനോയ് നമ്പാല, ജാസിം ഹാഷിം, ഭാനുപ്രിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






