കൊച്ചി: ഒരു കാലത്ത് കുട്ടികളുടെയും മുതിർന്നവരുടെയും ഒരുപോലെ പ്രിയപ്പെട്ട ശീതളപാനീയമായിരുന്ന ഗോള്‍ഡ് സ്പോട്ട് വീണ്ടും വിപണിയിലേക്ക്.
26 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓറഞ്ച് രുചിയിലുള്ള ഈ പാനീയം തിരിച്ചെത്താനൊരുങ്ങുന്നത്. കൊക്കക്കോളയാണ് ഗോള്‍ഡ് സ്പോട്ട് പുനരവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. 1980-കളിലും 1990-കളിലും ഇന്ത്യയില്‍ ഏറെ ജനപ്രീതി നേടിയിരുന്ന പാനീയം വീണ്ടും ലഭിക്കുമെന്ന വാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയാണ്. പഴയകാല ഓർമകള്‍ പങ്കുവെച്ച് നിരവധി പേരാണ് സന്തോഷം പ്രകടിപ്പിക്കുന്നത്.
1952-ല്‍ പാർലെയാണ് ഗോള്‍ഡ് സ്പോട്ട് വിപണിയിലെത്തിച്ചത്. തനതായ ഓറഞ്ച് നിറവും മധുരവും ചെറിയ പുളിപ്പും കലർന്ന രുചിയും പാനീയത്തെ ജനപ്രിയമാക്കി. 'ദ സിങ് തിങ്' എന്ന പരസ്യവാചകവും പരസ്യങ്ങളിലെ ആകർഷകമായ സംഗീതവുമെല്ലാം ബ്രാൻഡിന്റെ സ്വീകാര്യത വർധിപ്പിച്ചു. 1993ല്‍ തംസ് അപ്പ്, ലിംക, മാഴ തുടങ്ങിയ ബ്രാൻഡുകള്‍ക്കൊപ്പം ഗോള്‍ഡ് സ്പോട്ടും കൊക്കക്കോള സ്വന്തമാക്കി. എന്നാല്‍ സ്വന്തം ബ്രാൻഡായ ഫാന്റയ്ക്ക് വിപണിയില്‍ കൂടുതല്‍ ഇടം നല്‍കുന്നതിനായി 2000-ല്‍ ഗോള്‍ഡ് സ്പോട്ടിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുകയായിരുന്നു.
പുതിയതായി വിപണിയിലെത്തുമ്പോള്‍ കുറഞ്ഞ പഞ്ചസാരയോ പഞ്ചസാരയില്ലാത്തതോ ആയ പതിപ്പിലായിരിക്കും ഗോള്‍ഡ് സ്പോട്ട് എത്തുകയെന്നാണ് റിപ്പോർട്ടുകള്‍. നിലവിലെ ഉപഭോക്തൃ താല്പര്യങ്ങളും പഞ്ചസാര കുറഞ്ഞ പാനീയങ്ങളോടുള്ള വർധിച്ച ആവശ്യവുമാണ് ഇത്തരമൊരു മാറ്റത്തിന് പിന്നില്‍. ഫാന്റയുമായി നേരിട്ട് മത്സരിക്കാതിരിക്കാനും പുതിയ രൂപം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അടുത്ത ആഴ്ചയോടെ കടകളില്‍ ലഭ്യമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, പുനരവതരണത്തെക്കുറിച്ച് കൊക്കക്കോള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോണിയും ഭാര്യ സാക്ഷിയും ഗോള്‍ഡ് സ്പോട്ട് കാനുകളുമായി പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് തിരിച്ചുവരവിനെക്കുറിച്ചുള്ള ചർച്ചകള്‍ കൂടുതല്‍ ശക്തമായത്. ധോണി ബ്രാൻഡിന്റെ പ്രചാരണത്തിന്റെ ഭാഗമാകുമോയെന്ന കാര്യത്തിലും അഭ്യൂഹങ്ങളുണ്ട്. പഴയ രുചി അതേപടി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം ആരാധകർ. എന്നാല്‍ പഞ്ചസാര കുറഞ്ഞ പുതിയ പതിപ്പിന് പഴയ ഗോള്‍ഡ് സ്പോട്ടിന്റെ രുചി നല്‍കാനാകുമോയെന്ന സംശയവും ചിലർ പങ്കുവെക്കുന്നുണ്ട്.






