പരിപ്പ്: അയമനം പഞ്ചായത്തിലെ 19, 20 വാർഡുകളിൽ നിരന്തരമായി തെരുവ് നായ ആക്രമണം. നിരവധി പേരെ നായ കടിച്ചു. ജനങ്ങളെ ഭീതിയിലാഴ്ത്തിയ തെരുവ് നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നതോടെയാണ് ആശ്വാസമായത്. പുറത്തിറങ്ങാൻ ജനങ്ങൾ ഭയപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടികളും വയോധികരും ഉൾപ്പെടെ നിരവധി പേർക്ക് കടിയേൽക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ച് നായയെ നേരിട്ടത്.
സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സുബൈൽ എന്ന തൊഴിലാളിയെ ഇന്നലെ നായ ആക്രമിച്ചിരുന്നു. പരിപ്പിലെ വളം ഡിപ്പോയിലെ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആണ് തൊഴിലാളിയെ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം കിടപ്പുരോഗിയായ അമ്മ, സ്കൂൾ കുട്ടികൾ തുടങ്ങി ഒട്ടേറെപ്പേർക്ക് നേരെ നായയുടെ ആക്രമണമുണ്ടായിരുന്നു.
തുടർച്ചയായി കുട്ടികൾക്ക് കടിയേറ്റ് ആശുപത്രിയിലായതോടെ പ്രദേശം കടുത്ത അമർഷത്തിലായിരുന്നു.
വീണ്ടും പ്രദേശവാസികൾക്ക് നേരെ നായ ആക്രമണം തുടർന്നതോടെയാണ് നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നത്.






