തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡുകളുടെ അരി വിഹിതം 5 കിലോവരെ വർദ്ധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
നിലവിലെ കുറഞ്ഞവിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷൻ വാങ്ങാത്ത സ്ഥിതിയുണ്ട്. കൂടുതല്‍ അരി ലഭിച്ചാല്‍ ഇവരും റേഷൻ കടയിലെത്തും. അരിവില നിയന്ത്രിക്കാൻ ഇത് സഹായകമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.
ചില്ലറ റേഷൻകടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍നിന്ന് 35 ആക്കണമെന്നു റേഷൻവ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, മുൻഗണനേതര കാർഡിനുള്ള വിഹിതം വർദ്ധിപ്പിക്കാനായാല്‍ വില്പന കൂടും. വില്പന കുറയുന്നതിനാല്‍ കമ്മിഷൻ കുറയുന്ന പ്രശ്നം ഇതുവഴി പരിഹരിക്കാനാവും. റേഷൻ വ്യാപാരി സംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഭക്ഷ്യഭദ്രത നിയമത്തിന്റെ ഭാഗമായി 2021 ഫെബ്രുവരിയില്‍ നിലവില്‍വന്ന കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ ആക്ടിലെ (കെ.ടി.പി.ഡി.എസ്) ചട്ടത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ പരിഗണനയിലുണ്ട്. അനന്തരാവകാശി നിയമനം, സെയില്സ്മാൻമാർക്ക് ലൈസൻസ് കൈമാറല്‍ ഉള്‍പ്പെടെയുള്ള റേഷൻ വ്യാപാരികളെ ബാധിക്കുന്ന വിഷയങ്ങളിലാണു ഭേദഗതി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് റേഷൻ വിതരണവും റേഷൻ കടകളുടെ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിയമമാണിത്.
ചില്ലറ റേഷൻവ്യാപാരികളുടെ വേതനവർദ്ധന പാക്കേജ് സംബന്ധിച്ച ഫയല്‍ എത്രയും വേഗം സർക്കാരിന്റെ പരിഗണനയ്ക്കു വിടും. ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കുന്നത് പരിഗണിക്കും. നിലവിലുള്ള ക്ഷേമനിധി കുടിശിക വിതരണം ചെയ്യാനുള്ള 1.70 കോടി രൂപ നല്‍കാനുള്ള തീരുമാനം നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.






