:തിരുവനന്തപുരം: പത്മജ വേണുഗോപാലും പത്മിനി തോമസും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെ ചൊല്ലി കേരള ബി.ജെ.പിയില്‍ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു.
നിലവിലെ സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടും ഏകാധിപത്യ സമീപനവുമാണ് നേതാക്കള്‍ പാർട്ടി വിടാൻ കാരണമെന്ന ആരോപണമാണ് മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും വി. മുരളീധരനെയും അനുകൂലിക്കുന്നവർ ഉന്നയിക്കുന്നത്. എന്നാല്‍, കെ. സുരേന്ദ്രന്റെ കാലത്ത് പാർട്ടിയിലേക്ക് കൊണ്ടുവന്നവരാണ് ഇപ്പോള്‍ പാതിവഴിയില്‍ മടങ്ങുന്നതെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷത്തിന്റെ മറുപടി.
കേന്ദ്ര നേതൃത്വം തന്നെ വമ്പൻ സ്വീകരണമൊരുക്കി പാർട്ടിയിലേക്ക് കൊണ്ടുവന്ന പത്മജ വേണുഗോപാല്‍, ബി.ജെ.പിയുടെ ആശയം തെറ്റാണെന്ന് പറഞ്ഞാണ് ഇപ്പോള്‍ മടങ്ങിയത്. തലസ്ഥാനത്തെ ന്യൂനപക്ഷങ്ങളിലേക്കുള്ള വാതില്‍ എന്ന് പാർട്ടി വിശേഷിപ്പിച്ച പത്മിനി തോമസാവട്ടെ, നേതൃത്വം അവഗണിച്ചെന്ന് ആരോപിച്ചാണ് പടിയിറങ്ങുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഈ കൂട്ടക്കൊഴിഞ്ഞുപോക്കിന് പിന്നിലെന്നാണ് സുരേന്ദ്രൻ-മുരളീധരൻ പക്ഷത്തിന്റെ പ്രധാന വിമർശനം.
എന്നാല്‍, പത്മജയും പത്മിനിയും ഉള്‍പ്പെടെയുള്ളവരെല്ലാം കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണ് പാർട്ടിയിലേക്ക് വന്നതെന്ന് ഔദ്യോഗിക പക്ഷം തിരിച്ചടിക്കുന്നു. അന്ന് അവർക്ക് എന്തെങ്കിലും പദവികളോ ഓഫറുകളോ നല്കിയിരുന്നെങ്കില് അത് പാലിക്കേണ്ടത് അന്നത്തെ നേതൃത്വമായിരുന്നുവെന്നും, അതിന്റെ ഉത്തരവാദിത്തം ഇപ്പോഴത്തെ നേതൃത്വത്തിന് ഏറ്റെടുക്കാനാവില്ലെന്നുമാണ് രാജീവ് ചന്ദ്രശേഖർ അനുകൂലികളുടെ നിലപാട്. അതേസമയം, പത്മജയെ പാർട്ടിയിലേക്ക് കൊണ്ടുവന്നത് സംസ്ഥാന നേതൃത്വത്തെ പോലും അറിയിക്കാതെ കേന്ദ്ര നേതൃത്വം നേരിട്ടായിരുന്നുവെന്നാണ് സുരേന്ദ്രൻ പക്ഷം ഇതിന് നല്കുന്ന വിശദീകരണം
വിഷയത്തില്‍ വി. മുരളീധരൻ നടത്തിയ പ്രതികരണം പാർട്ടിയിലെ അതൃപ്തി പരസ്യമാക്കുന്നതായിരുന്നു. നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെ ചൊല്ലിയുള്ള തർക്കം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത് മുന്നില്‍ക്കണ്ട്, മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ആരും പരസ്യപ്രതികരണം നടത്തരുതെന്ന് സംസ്ഥാന നേതൃത്വം കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. നേതാക്കള്‍ക്കും പ്രവർത്തകർക്കും വാട്സ്ആപ്പ് വഴിയാണ് നേതൃത്വം ഈ വിലക്ക് നല്‍കിയിരിക്കുന്നത്.






