ആലത്തൂർ: പട്ടാമ്പി പരുതൂർ ഹയർസെക്കൻഡറി സ്കൂളില്‍ ഒൻപതാം ക്ലാസ് വിദ്യാർഥി തോക്ക് കൊണ്ടുവന്നതും സഹപാഠിയെ വെടിവെച്ചതും അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന് ആലത്തൂർ എം.എല്‍.എ ടി.എം.
ശശി. പഴമ്പാലക്കോട് വെച്ച് നടന്ന ആലത്തൂർ ഉപജില്ലാ സ്കൂള്‍ കലോത്സവ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് എം.എല്‍.എയുടെ ഈ വിവാദ വെളിപ്പെടുത്തല്‍. തോക്ക് കൊണ്ടുവന്ന കുട്ടിയും വെടിയേറ്റ കുട്ടിയും തമ്മില്‍ ആഴ്ചകളായി തർക്കത്തിലും പിണക്കത്തിലുമായിരുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. വീട്ടില്‍ തന്റെ മുത്തച്ഛന്റെ തോക്ക് ഉണ്ടെന്നും അതെടുത്ത് കൊണ്ടുവന്ന് ഉപയോഗിക്കുമെന്നും കുട്ടി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി തോക്ക് സ്കൂളില്‍ കൊണ്ടുവരുന്നതും വെടിവയ്ക്കുന്നതും. ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും സഹപാഠിയെ അപായപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും ടി.എം. ശശി ആവർത്തിച്ചു.
കൂട്ടുകാരെ കാണിക്കാനാണ് കുട്ടി വീട്ടിലെ പഴയ തോക്ക് കൊണ്ടുവന്നതെന്നും അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു എന്നുമാണ് പൊലീസും സ്കൂള്‍ അധികൃതരും വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന് നേരെ വിരുദ്ധമായ വാദമാണ് എം.എല്‍.എ ഉന്നയിച്ചിരിക്കുന്നത്. ഈ വിവരങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന് അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കിയില്ല. വീടുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ പുതിയ തലമുറയ്ക്ക് തോല്‍വി ഉള്‍ക്കൊള്ളാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് എം.എല്‍.എ സംസാരിച്ചു തുടങ്ങിയത്. പണ്ട് വീടുകളില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്നപ്പോള്‍ അവർ പരസ്പരം വിട്ടുവീഴ്ച ചെയ്തും തോറ്റും സഹകരിച്ചും മുന്നോട്ട് പോയിരുന്നു. എന്നാല്‍ ഇന്ന് കുട്ടികള്‍ക്ക് തോല്ക്കാൻ മനസ്സില്ലാതായി.
സ്വന്തം മുത്തശ്ശനെ കൊല്ലാൻ 13-കാരി ക്വട്ടേഷൻ കൊടുത്തതും അത് വീഡിയോ കോളിലൂടെ കാണണമെന്ന് പറഞ്ഞതും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.സ്കൂളുകളിലെ വെടിവെപ്പ് സംഭവങ്ങള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ മാത്രം കേട്ടിരുന്നതാണെന്നും, എന്നാല്‍ അത് കേരളത്തിലും തൊട്ടടുത്ത പട്ടാമ്പിയിലും സംഭവിക്കുന്നത് കാണേണ്ടി വന്നുവെന്നും എം.എല്‍.എ പറഞ്ഞു. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ എം.എല്‍.എ നടത്തിയ ഈ വെളിപ്പെടുത്തല്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.






