തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും സുകുമാരക്കുറുപ്പെന്ന പേരില്‍ പ്രചരിച്ച ചിത്രം തൃശൂര്‍ വടക്കാഞ്ചേരി കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ പുറത്തുവരുന്നത് മാധ്യമരംഗത്തെ ഞെട്ടിക്കുന്ന ഗൂഢാലോചന.
ട്വന്റിഫോര്‍ ന്യൂസിനെയും ചാനല്‍ എഡിറ്റോറിയല്‍ നേതൃത്വത്തെയും ലക്ഷ്യമിട്ട് കൃത്യമായ തിരക്കഥയോടെ മെനഞ്ഞെടുത്ത കെണിയായിരുന്നു ഇതെന്ന് വ്യക്തമാകുന്നു.
ഫോട്ടോയിലുള്ള സുകുമാരക്കുറുപ്പ് തന്നെയാണ് എന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രീകണ്ഠന് നായരും അവതാരക പ്രമുഖനായ ഹാഷ്മിയും വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. (ഫോട്ടോ കണ്ടിട്ടും പോലും ഇവർക്ക് തിരിച്ചറിവില്ലാതെ പോയോയെന്ന ചോദ്യം അവശേഷിക്കുന്നു.) എന്നാല്‍, വിശ്വസനീയമെന്ന് കരുതിയ വിവരങ്ങള്‍ക്ക് പിന്നില്‍ ചാനലിന്റെ ആധികാരികത തകര്‍ക്കാന്‍ ലക്ഷ്യമിട്ട വലിയൊരു സംഘം പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് വൈകിയാണ് ഇവര്‍ തിരിച്ചറിഞ്ഞത്.
പോലീസില്‍ നിന്ന് വിരമിച്ച മുന്‍ എസ്.പിയും ഒരു പ്രമുഖ ധനകാര്യ സ്ഥാപന ഉടമയുമാണ് ഈ ഗൂഢാലോചനയിലെ പ്രധാന പങ്കാളികള്‍. ഫുട്ബോള്‍ താരം മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ സംഭവത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പകപോക്കലിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് സൂചന. ഈ അന്വേഷണത്തില്‍ വെട്ടിലായ പ്രമുഖരാണ് ചാനലിനെതിരെ ചരടുവലിച്ചത്.
മാധ്യമലോകത്ത് പിടിമുറുക്കാന്‍ ശ്രമിക്കുന്നതും ക്രിമിനല്‍ പശ്ചാത്തലമുള്ളതുമായ ഒരു കളങ്കിതനാണ് മുഖ്യ സൂത്രധാരന്‍. എന്നാല്‍ ഈ വിവാദത്തിലും ഇയാള്‍ക്ക് ഒന്നും സംഭവിക്കില്ല.
വാര്‍ത്തയ്ക്ക് പരമാവധി വിശ്വസനീയത വരുത്താനായി ഒരു റിപ്പോര്‍ട്ടറെ ബ്രൂണെയിലേക്ക് അയപ്പിക്കാനും വിദേശത്തുള്ള പ്രവാസിയുടെ പ്രതികരണം അടക്കം എടുത്തു നല്‍കാനും ഈ സംഘത്തിന് കഴിഞ്ഞു. ബ്രൂണെയില്‍ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ചില വിജനമായ വീടുകളെ സുകുമാരക്കുറുപ്പിന്റെ രഹസ്യ ഒളിത്താവളങ്ങളായി ചിത്രീകരിച്ചാണ് ഇവര്‍ മാധ്യമപ്രവര്‍ത്തകരെ വിശ്വസിപ്പിച്ചത്. ചതിക്കപ്പെട്ട വിവരമറിഞ്ഞ് 24 ന്യൂസിലെ ജീവനക്കാര്‍ ഒന്നടങ്കം ഞെട്ടലിലാണ്.
അതിനിടെ, പ്രചരിച്ച ചിത്രത്തിലുള്ളത് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ദാമോദര മേനോനാണെന്ന് പോലീസും ബന്ധുക്കളും സ്ഥിരീകരിച്ചു. ബ്രൂണെയില്‍ ഓര്‍മ്മക്കുറവും മാനസിക വെല്ലുവിളികളും കാരണം പ്രയാസമനുഭവിക്കുന്ന ഇയാളെ നാട്ടിലെത്തിക്കാന്‍ ഒരുമാസം മുന്‍പുതന്നെ നോര്‍ക്ക നടപടികള്‍ ആരംഭിച്ചിരുന്നതായി പുതിയ വിവരങ്ങള്‍ പുറത്തുവന്നു.
ബ്രൂണെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ രണ്ടിനാണ് ഇയാളെ നാട്ടിലെത്തിക്കാന്‍ നോര്‍ക്ക സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത്. നയതന്ത്ര ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും മാത്രം കൈകാര്യം ചെയ്ത ദാമോദര മേനോന്റെ അതീവ രഹസ്യസ്വഭാവമുള്ള പാസ്പോര്‍ട്ട് കോപ്പിയും രേഖകളും കള്ള വാര്‍ത്തക്കാര്‍ക്ക് ചോര്‍ന്നു കിട്ടിയത് എവിടെ നിന്നെന്ന ചോദ്യവും ശക്തമാണ്
40 വര്‍ഷം മുന്‍പ് മലേഷ്യയിലേക്ക് പോയ ദാമോദര മേനോന് പാലക്കാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് അവിടെ കഴിയുകയായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഇയാളുടെ മാനസികനില തെറ്റുകയും തുടര്‍ന്ന് ഭാര്യയും മക്കളും ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ബ്രൂണെയിലെത്തിയ ഇയാളെ അവിടുത്തെ സന്നദ്ധപ്രവര്‍ത്തകരാണ് കണ്ടെത്തിയത്.
നിലവില്‍ തെറ്റായ വാര്‍ത്ത നല്കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ സ്വമേധയാ കേസ് എടുക്കേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം. എങ്കിലും നിസ്സഹായനായ ഒരു വയോധികന്റെ ചിത്രവും യാത്രാരേഖകളും ദുരുപയോഗം ചെയ്ത് മാധ്യമങ്ങളെ കുടുക്കാന്‍ ശ്രമിച്ചതിനെതിരെ അന്വേഷണം വേണമെന്ന ആവശ്യമുയരുന്നുണ്ട്.
അതേസമയം, നയതന്ത്ര രേഖകള്‍ ചോര്‍ന്നതിലും വ്യാജവാര്‍ത്ത നിര്‍മ്മിച്ചതിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാര്‍ത്ത വന്ന വഴി തേടിയുള്ള അന്വേഷണത്തില്‍ വിദേശത്തുള്ള സംഘങ്ങളും വ്യാജ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരും അന്വേഷണ നിഴലിലാകും. പക്ഷേ ഐബിയും റോയും നടത്തുന്ന ഈ അന്വേഷണവും കേസായി മാറില്ല.






