കോഴിക്കോട്: റിപ്പോർട്ടർ ടിവിയിലെ പൊലീസ് നടപടിയെ മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കാൻ കഴിയില്ലെന്നും, ഗുരുതര സാമ്പത്തിക-വന കുറ്റകൃത്യങ്ങള്‍ മറയ്ക്കാനുള്ള ഒളിയിടമായി സ്ഥാപനത്തെ ദുരുപയോഗം ചെയ്യുകയാണ് അഗസ്റ്റിൻ സഹോദരങ്ങള്‍ ചെയ്തതെന്നും മാധ്യമപ്രവർത്തകൻ എം.പി ബഷീർ.
ഒരു മാധ്യമ സ്ഥാപനത്തിന്റെ ന്യൂസ് റൂമിലേക്ക് പൊലീസ് കടന്നുചെല്ലുന്നത് സാധാരണ നിലയില്‍ ഒഴിവാക്കപ്പെടേണ്ടതാണെങ്കിലും, ഇവിടെ നടന്നിരിക്കുന്നത് വാർത്തയുമായോ മാധ്യമപ്രവർത്തനവുമായോ ബന്ധപ്പെട്ട വിഷയമല്ലെന്നും കൊടും കുറ്റവാളികളായ ഒരു സംഘവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ന്യൂസ്' ചർച്ചയില്‍ അദ്ദേഹം വ്യക്തമാക്കി.
എം.വി നികേഷ് കുമാറില്‍ നിന്ന് ചാനല്‍ ഏറ്റെടുത്ത ശേഷമാണ് അഗസ്റ്റിൻ സഹോദരന്മാർ അവിടെ എത്തിയതെന്ന പൊതുധാരണ തെറ്റാണെന്ന് ബഷീർ ചൂണ്ടിക്കാട്ടി. 2010-ല്‍ ചാനല്‍ ആരംഭിച്ച് ഏതാനും വർഷങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ പത്തു വർഷത്തോളമായി ഇവർ ആ ചാനലിന്റെ ഭാഗമായിരുന്നു.
മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളില്‍ കൃത്രിമം നടത്തിയതും ഗൂഢാലോചനകള്‍ നടത്തിയതും ചാനലിന്റെ ഓഫീസിനകത്തിരുന്നാണ്. താൻ അവിടെ ജോലി ചെയ്തിരുന്ന എട്ടുമാസത്തെ കാലയളവില്‍ ഇവരുടെ സംശയാസ്പദമായ പ്രവർത്തനങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടിരുന്നു. ഇവർക്ക് നിയമസാധുത നല്കുന്ന തരത്തിലുള്ള ഒരു ഇടപെടലും അനുവദിക്കരുതെന്ന് എം.വി നികേഷ് കുമാറിനോട് പലതവണ നേരിട്ട് ആവശ്യപ്പെട്ടിരുന്നതായും ബഷീർ പറഞ്ഞു.
വനംകൊള്ള ആസൂത്രണം ചെയ്ത ശേഷവും വിവാദങ്ങള്‍ കത്തിപ്പടർന്ന ഘട്ടത്തിലും ഇവർ ചാനല്‍ ഓഫീസിനകത്ത് ഒളിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ നികേഷ് കുമാർ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവർക്ക് പുറത്തിറങ്ങേണ്ടി വന്നതും അറസ്റ്റിലായതും.
ജനങ്ങളുടെ അറിയാനുള്ള അവകാശവുമായോ പത്രധർമവുമായോ യാതൊരു ബന്ധവുമില്ലാത്ത വിഷയമാണിത്. കോടികളുടെ സാമ്പത്തിക-പരിസ്ഥിതി കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ട മാഫിയ സംഘം വാർത്താ സ്ഥാപനത്തെ തങ്ങളുടെ സുരക്ഷാ കവചമായി ഉപയോഗിക്കുകയായിരുന്നു.
ഇത്തരം കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം നല്കുന്ന നിലപാടിലേക്ക് സിപിഎം പോലുള്ള ഒരു പ്രധാന രാഷ്ട്രീയ പാർട്ടി എത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. സ്ഥാപനത്തില്‍ മുൻകാലങ്ങളില്‍ നടന്ന വഴിവിട്ട കാര്യങ്ങളിലെ പങ്കാളിത്തം സംബന്ധിച്ച ഭയമായിരിക്കാം പാർട്ടിയെ ഇത്തരം നിലപാടിലേക്ക് നയിക്കുന്നതെന്നും എം.പി ബഷീർ കൂട്ടിച്ചേർത്തു.






